Monday, November 25, 2013

അറിവ്

(അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലോടെ നിരപരാധിയെന്ന് വെളിപ്പെടുത്തപ്പെട്ട, രാജിവ് ഗാന്ധി വധക്കേസിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട പേരരിവാളന്)







നീ അറിവാണ്
രാജ കിങ്കരനാൽ മാറ്റിയെഴുതപ്പെട്ട അറിവ്
അറിഞ്ഞതും അറിയിച്ചതും
പറഞ്ഞതും പറയിച്ചതും തെറ്റാണെന്നുള്ള അറിവ്

നീ തിരിച്ചറിവാണ്
കിങ്കരന്മാർ എഴുതിയ ചരിത്രപുസ്തകങ്ങൾ
എന്താണെന്നുള്ള തിരിച്ചറിവ്
ശിലാ ലിഖിതങ്ങൾ ഒറ്റിക്കൊടുത്തു
പടച്ചതാണെന്ന തിരിച്ചറിവ്

നീ അറിയിപ്പാണ്
മുറിവേറ്റവന്റെ വിമോചനനാൾ
വിളിച്ചോതുന്ന അറിയിപ്പ്
അന്ത്യനാൾ എത്തും മുൻപ്
ഉയിർപ്പ് നേടുന്നവന്റെ മുന്നറിയിപ്പ്

നിന്നിലൂടെ നാം അറിയുകയാണ്
വിധിയെഴുതുകാരന്റെ പേന
ഭരിക്കുന്നവന്റെ വേലക്കാരനാണെന്ന്
രാജഭടന്റെ വീരമുദ്രകൾക്ക്
നിന്റെ ചോരയുടെ മണമുണ്ടെന്ന്

Saturday, July 27, 2013

ഒരു സഖാവിന്റെ മകൻ ,മറ്റൊരു സഖാവിന്റെ മകളോട് ടെലെഫോണിൽ സംസാരിച്ചപ്പോൾ..

ഒരു സഖാവിന്റെ മകൻ ,
മറ്റൊരു സഖാവിന്റെ മകളോട് 
ടെലെഫോണിൽ സംസാരിച്ചപ്പോൾ,
ഒളിഞ്ഞു കേട്ട കാതുകൾക്ക് 
കാക്കിയുടെ നിറം !!

അവൻ അവളോട് 
പ്രണയത്തെക്കുറിച്ച് പറഞ്ഞതിന്റെ 
അടുത്ത ദിനത്തിലെ പത്രം പറഞ്ഞത് 
അവർ വിപ്ലവത്തെക്കുറിച്ച് 
ഗൂഡാലോചന നടത്തിയെന്നാണ് !!

പ്രണയത്തിന്റെ നിറത്തെ ചൊല്ലി 
അവർ കലഹിച്ചപ്പോൾ 
മാധ്യമങ്ങൾ ചർച്ച ചെയ്യ്തത് 
പുതിയ തലമുറയിലെ സഖാക്കൾക്കിടയിൽ 
പ്രത്യയ ശാസ്ത്ര പ്രശ്നങ്ങളുണ്ടെന്നാണ് !!

ഒടുവിൽ, സഹികെട്ട് 
മൊബൈൽ ഫോണ്‍ കവറേജില്ലാത്ത 
കാട്ടിലേക്ക് അവർ കയറിയപ്പോൾ 
ഖദറിട്ട ഒരു മന്ത്രി പറഞ്ഞത് 
അവർ നക്സലൈറ്റുകൾ ആണെന്നാണ്‌ !!

Saturday, March 23, 2013

മൈഗ്രൈൻ കടലിടുക്ക് നീന്തിക്കടക്കുമ്പോൾ....

മരുന്നിന്റെ തോണിയില്ലാതെ,
മൈഗ്രൈൻ കടലിടുക്ക് നീന്തിക്കടക്കുമ്പോൾ
ഞരമ്പുകളുടെ വല തീർത്ത് 
സ്വപ്നങ്ങളെപ്പിടിക്കുവാൻ നോക്കുന്നൂ 

മാരീചന്റെ മായാമൃഗങ്ങൾ 
പ്രലോഭനങ്ങളുടെ കാഴ്ചകൾ തീർക്കുമ്പോൾ 
വേദനകളുടെ അടിത്തട്ടുകളിൽ 
കാഴ്ചകളെ മായിച്ചു കളയുന്നൂ 

നിന്റെ കേശസമൃധിയിലേക്ക്,
എന്റെ വേദനപ്പൂക്കൾ ചൂടാനാകാതെ
സ്നേഹത്താൽ പങ്കുവേക്കാനാവാത്തത് 
വേദനയെന്നു നീ തിരിച്ചറിയുന്നൂ 

എന്റെ ശിരസ്സിൽ നുരയുന്ന വേദനപ്പുഴുക്കളെ,
ആലത്തൂർ ഹനുമാനോട് വാലാൽ തട്ടിമാറ്റാൻ പറഞ്ഞു
എനിക്കായ് നിന്റെ നാസ്തിക്യതിന്റെ -
വേലി നീതന്നെ പൊളിക്കുന്നൂ 

ഒടുവിൽ അവസാനതിരയും കടന്നു,
മൈഗ്രൈൻ കടലിടുക്കിന്റെ അവസാനത്തിൽ,
വേദനകൾ അവസാനിച്ചപ്പോൾ 
എന്റെ നെറ്റിയിൽ സ്പർശിച്ചകന്നതെന്താണ്??

ഒരിക്കൽ ഒരു സവർണ്ണ  രാജാവിനായ്,
ഒരവർണ്ണ രാജന്റെ കോട്ടത്തളങ്ങളെയെരിച്ച 
വാനരന്റെ കരിഞ്ഞ വാലോ,അതോ -
എന്റെ പാരുഷ്യമേറ്റ് കരിഞ്ഞ നിന്റെ പ്രണയമോ??

കറുപ്പ് നിറം

മാതൃത്വം അവളെ ഏറ്റുവാങ്ങിയത്,
സ്നേഹത്തിന്റെ വെണ്മയിലേക്കായിരുന്നു.
ബാല്യം തലോടിയത്,
മഴവില്ലിന്റെ നിറക്കൂട്ടുകൾ കൊണ്ട്.
കാലം വയസറിയിച്ചത്,
ചുവപ്പ് നിറത്തിന്റെ തീവ്രതകൊണ്ടും.
ഇടയിൽ ഏതോ നിമിഷം എല്ലാം  തട്ടിമറിഞ്ഞപ്പോൾ,
എല്ലാ നിറങ്ങളും ചേർന്ന് രൂപം കൊണ്ടത്‌,
കറുപ്പ് നിറമായിരുന്നു!! 

Sunday, March 3, 2013

നിന്റെ കവിതകളാല്‍....

നിന്റെ കവിതകളാല്‍ എന്നെ പുനര്‍ജനിപ്പിക്കുക....
വാക്കുകളാല്‍ വളര്‍ത്തുക..
അക്ഷരങ്ങളാല്‍ നഗ്നനാക്കുക..
തൂലിക മുന കൊണ്ട് കുത്തിക്കൊല്ലുക.

ഒടുവില്‍,
നിന്റെ ഈണങ്ങളുടെ ചിതയില്‍,
എന്നെ ദഹിപ്പിക്കുക..

Tuesday, January 22, 2013

നിലാവാണ്‌ പ്രണയം

നിലാവാണ്‌ പ്രണയം..!!
കാലത്തിന്‍ കറുത്ത മേഘങ്ങളാല്‍ ഇടയ്ക്കിടെ മൂടുന്നത്..
നിലാവാണ്‌ പ്രണയം..!!
ജീവിതത്തിന്‍ ഉദയാസ്തമനങ്ങള്‍ക്കിടയില്‍  ജനിച്ചു മരിക്കുന്നത്..

Saturday, January 12, 2013

മനസ്സളക്കാനുള്ള ഉപകരണം

അളവുകളെക്കുറിച്ചും 
തൂക്കങ്ങളെക്കുറിച്ചം
പഠിപ്പിച്ച ഗുരുവിനോട് 
അന്നേ അവള്‍ ചോദിച്ചത് 
മനസ്സളക്കാനുള്ള 
ഉപകരണത്തെക്കുറിച്ചാണ് 
അതിന്റെ ഉത്തരം 
അന്നേ ഗുരു നല്‍കിയിരുന്നെങ്കില്‍ 
ഇന്ന്  അവള്‍ക്കു കിണറിന്റെ ആഴം -
അളക്കേണ്ടി വരുമായിരുന്നില്ല