Monday, May 28, 2012

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
മറ്റേതൊരു രാത്രിയിലെയും പോലെ.
വെളിച്ചം കുടിച്ചുന്മാതരാകാന്‍ വേണ്ടി-
മഴപ്പാറ്റകള്‍ തീകുണ്ഡം തേടി യാത്ര തുടങ്ങിയിരിക്കുന്നു..

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
നിശബ്ദതയുടെ സംഗീതം കേട്ട് കേട്ട്
കാത് പുണായവന്റെ മനസ്സില്‍,
മൌനത്തിന്റെ ഏഴാം സിംഫണി തുടങ്ങിയിരിക്കുന്നു..

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
ആകാശത്ത് നിന്നും നക്ഷത്രങ്ങള്‍ വീണു തുടങ്ങിയിരിക്കുന്നു.
ഒടിഞ്ഞു പോയ ഘടികാര സൂചി പാതി സമയം കാട്ടുന്നു.
സ്വപ്നങ്ങളുടെ കൊലാഷിനു തീ പിടിക്കുന്നു.

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
നീ ഉണ്ടാക്കിയ ശൂന്യതയില്‍,
നീ കാട്ടിതന്ന സ്വപ്നങ്ങളുടെ പ്രേതങ്ങള്‍,
എന്നെ വല്ലാതെ ഭയപ്പെടുത്തി തുടങ്ങുന്നു..

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
മൂക്കില്‍ നിറയുന്നത് ശവമെരിക്കുന്ന ഗന്ധം
കാതില്‍ ചത്തവന്റെ പെണ്ണിന്റെ രോദനം
വായില്‍ ആരുടെയോ കണ്ണീരിന്റെ ഉപ്പ്..

ഈ രാത്രി ഞാന്‍ ഏകാകിയാണ്‌....
മറ്റേതൊരു രാത്രിയിലെയും പോലെ.
വിഷാദത്തിന്റെ വീണയില്‍, എന്നെത്തെയും പോലെ 
ആരോ മരണത്തിന്റെ ശ്രുതി മീട്ടുന്നുണ്ട്!!!!

നീ മൊഴിഞ്ഞതെന്താണ്?


വിയര്‍പ്പു തളം കെട്ടിയ ഉപ്പളങ്ങള്‍ നീന്തിക്കടന്നു
നിന്റെ സമൃധികളില്‍ എത്തവേ
കിതപ്പുകളാല്‍ സംഗീതം തീര്‍ത്തു നീ മൊഴിഞ്ഞതെന്താണ്?
യാത്ര പറച്ചിലിന്റെ മഴയില്‍ കുളിച്ചു തോര്‍ത്തി
വിശുദ്ധി നേടി മാലാഖമാരായി
ഒരിക്കലും കൂട്ടി മുട്ടാത്ത  ഇരുവഴികളില്‍
പരസ്പര മറിയാതവരായി യാത്ര തുടരാമെന്നോ?

Wednesday, May 23, 2012

താഴും മോഷണവും

മുറി താഴിട്ടു പൂട്ടി താക്കൊലെടുതപ്പോഴാനു
ഇനി മനസ്സിനെക്കൂടി താഴിട്ടുപൂട്ടാന്‍ തോന്നിയത്.

അതിനു ഒരു താഴ് വാങ്ങാനാണ്,
അതിരാവിലെ തന്നെ ചന്തയില്‍ വന്നത്..
ഒടുവില്‍ ഒരു താഴ്,
 ഒരു പാട് വിലപേശലിനു ശേഷം വാങ്ങി.
അപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്,
നീണ്ട വില പേശലുകള്‍ക്കിടയില്‍
ആ താഴ് വില്പ്പനക്കാരി 
എന്റെ മനസ്സിനെ മൊത്തത്തില്‍ മോഷ്ട്ടിച്ചു വന്നു..
ഇനി ഈ താഴുകൊണ്ട് എന്ത് ചെയ്യും ഞാന്‍!!
______________________________________________________________________
പത്തു രൂപയുടെ ഒറ്റനോട്ട് സംരക്ഷിക്കാന്‍ വേണ്ടി,
നൂറു രൂപ മുടക്കി ഞാനൊരു താഴ് വാങ്ങിച്ചു..
അടുത്ത നാളില്‍ മോഷണം പോയത് 
ആ താഴ് മാത്രമായിരുന്നു..

Saturday, May 19, 2012

ദൂരം

ട്രിപ്പ്ലികനിലെ ആഗ്രഹാരങ്ങളില്‍ നിന്നും,
പാരീസിലെ ചേരികളിലെക്കുള്ള ദൂരം
മനുഷ്യനില്‍നിന്നും ചരിത്രത്തിലേക്കുള്ള ദൂരമാണ്..
എര്നെസ്റ്റ് ഹെമ്നിഗ്വെയില്‍ നിന്നും നന്ദിതയിലേക്കുള്ള ദൂരം,
മരിക്കാനുള്ള തീരുമാനത്തില്‍ നിന്നും
മരണത്തിലേക്കുള്ള ദൂരമാണ്.
ഭൂമിയില്‍ നിന്നും ആകാശതിലെക്കുള്ള ദൂരം
യാതാര്ത്യത്തില്‍ നിന്നും
സ്വപ്നങ്ങളിലേക്കുള്ള ദൂരമാണ്.
"ഗാന്ധിയില്‍" നിന്നും "ഗാന്ധിയിലെക്കുള്ള" ദൂരം,
പാവങ്ങളില്‍ നിന്നും
പണക്കാരനിലെക്കുള്ള ദൂരമാണ്.
ദൂരങ്ങള്‍ കണ്ടു ഭയക്കുന്ന നിന്നില്‍ നിന്നും,
വിദൂരതയിലേക്കുള്ള ദൂരം
ന്യുന സംഖ്യയില്‍ നിന്നും അതിസന്ഖ്യയിലെക്കുള്ള ദൂരമാണ്!

Saturday, May 12, 2012

നിഴല്‍

നീ എന്തിനാണ് എന്നെ ഇങ്ങനെ പിന്തുടരുന്നത്?
ഞാന്‍ എന്റെ നിഴലിനോട്‌ കയര്‍ത്തു.എന്റെ നിഴല് എന്നോട് തിരിച്ചും കയര്‍ത്തു..

ഞാന്‍ ജനിക്കുമ്പോള്‍ കൂടെ ജനിക്കുകയും ഞാന്‍ വളരുമ്പോള്‍ കൂടെ വളരുകയും ചെയ്യ്ത നിഴല്‍..

ഞാന്‍ അമ്മയുടെ മുലപ്പാല്‍ കുടിക്കുമ്പോള്‍ അമ്മയുടെ നിഴലിന്റെ മുലപ്പാല്‍ കുടിച്ച എന്റെ നിഴല്‍..

ഞാന്‍ അവളെ ചുംബിച്ചപ്പോള്‍ അവളുടെ നിഴലിനെ ചുംബിച്ച എന്റെ നിഴല്‍..

ഇങ്ങനെയൊക്കെ ആലോചിച്ചിട്ടും എനിക്ക് എന്റെ നിഴലിനോട്‌ ഒട്ടും സഹതാപം തോന്നിയില്ല. കാരണം അത്രയും വലിയ അപരാധങ്ങളാണ് അത് എന്നോട് ചെയ്യുന്നത്.സ്വകാര്യത അനുവദിക്കാതെ എപ്പോഴും അത് എന്നെ പിന്തുടരുന്നു.മുന്നിലും പിന്നിലും ചിലപ്പോഴൊക്കെ വശങ്ങളിലും കാല്ക്കീഴിലും ഒക്കെയായായി അത് എന്നെത്തന്നെ പിന്തുടരുകയാണ്.ഈ പ്രശ്നത്തെക്കുറിച്ച് അതിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അത് എന്നോട് അതെ പോലെ തിരിച്ചു കയര്‍ക്കുകയാണ്‌.

അങ്ങനെയാണ് ഞാന്‍ അതിനെ കൊന്നു കളയാന്‍ തീരുമാനിച്ചത്.

പക്ഷെ ഇന്നലെ എന്നെവിട്ടുപോയ അവള്‍ അവസാനമായി വിളിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ സ്വന്തം നിഴലിനെപ്പോലും ഭയന്ന് ഇരുട്ടുമുറിയില്‍ ഒളിച്ചിരിക്കുന്ന ഭീരു ആണെന്നാണ്‌.എന്തായാലെന്താ..എന്റെ നിഴലോ അവളോ ഒന്നും ഇനി എന്റെ മനസ്സമാധാനം കളയാന്‍ കൂടെവരില്ലല്ലോ..

Thursday, May 10, 2012

ഒരു പ്രണയ കഥ അഥവാ ഒരാളെ സ്വയം ചിന്തിപ്പിക്കാന്‍ പഠിപ്പിച്ച കെട്ടു കഥ

ഒരു പക്ഷെ മറ്റുള്ളവരില്‍ നിന്നും അല്പം വ്യതസ്തനായി (കുറച്ചു ഭ്രാന്തുണ്ടോന്നു സംശയിക്കത്തക്ക രീതിയില്‍) നടക്കുന്നത് കൊണ്ടാവണം അവള്‍ അവനെ ശ്രദ്ധിച്ചത് തന്നെ. മറ്റുള്ളവര്‍ പെരുമാറുന്നതില്‍ നിന്നും വ്യതസ്തമായിട്ടുതന്നെയാണ് അവന്‍ അവളോടും പെരുമാറിയത്. സൌഹൃദത്തിന്റെ നാലാം ദിവസം തന്നെ പ്രണയമാണെന്നും പറഞ്ഞു പൈങ്കിളി സംസാരിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്യുന്നവരില്‍ നിന്നും തീര്‍ത്തും വ്യതസ്തനായതിനാല്‍ തന്നെയാവണം അവളുടെ ഉള്ളിലെവിടെയോ അവനോടു പ്രണയം സ്പന്ദിച്ചു തുടങ്ങിയത്. അവന്റെ സാമീപ്യത്തില്‍ അവള്‍ ഏകാന്തതയും അതില്‍ നിന്നുണ്ടാകുന്ന ഭയവും മറക്കുകയായിരുന്നു. അവന്റെ സാഹിത്യതെയോ രാഷ്ട്രീയതെയോ മനസ്സിലാക്കാനോ ആസ്വദിക്കാനോ അവള്‍ക്കു കഴിയുമായിരുന്നില്ല.
 *************************************************
പടക്കങ്ങള്‍ പൊട്ടിച്ചിരിക്കുന്ന ഒരു ദീപാവലി ദിവസത്തെ സന്ധ്യയില്‍ മൂകതയും വിരസതയും തളം കെട്ടി നില്‍ക്കുന്ന അടച്ചിട്ട മുറിയുടെ ഇരുട്ടിലിരുന്നു അവള്‍ അവനോടു പറഞ്ഞു, നമുക്ക് ഒരുമിച്ചു ജീവിച്ചാലോ? വിഷാദത്തിന്റെ ലഹരിയില്‍ നിന്നും അവന്‍ മറുചോദ്യം ചോദിച്ചു,അങ്ങനെ ചെയ്യ്താല്‍ നീ സന്തോഷമായിരിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ?
- ഉണ്ട്,നമ്മുടെ സൗഹൃദം തുടങ്ങിയതിനു ശേഷമാണ് ഞാന്‍ എന്റെ വീട്ടിനുപുറത്ത്‌ നിന്നും സന്തോഷമറിയുന്നത് ..
- ഏകാന്തതയുടെ കടലില്‍ മുങ്ങിക്കിടക്കുമ്പോള്‍, മരുഭൂമിയിലെ ഇതു യാത്രികനും അകലങ്ങളില്‍ മരീചിക തെളിയും..മരീചികകള്‍ ശാസ്ത്രവും ചിലപ്പോള്‍ മനസ്സും ചേര്‍ന്ന് സൃഷ്ട്ടിക്കുന്ന ഭ്രമമാണ്. അതിനെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നത് മണ്ടത്തരമാണ്..
- നീയിപ്പോള്‍ പറഞ്ഞതിന്റെ അര്‍ത്ഥമൊന്നും എനിക്ക് മനസ്സിലായില്ല..മനസ്സിലാകുകയും ഇല്ല..നിന്റെ സാഹിത്യം രസിക്കാനറിയാത്ത രാഷ്ട്രീയം അറിയാത്ത ഒരു പൊട്ടിപ്പെനാണ് ഞാന്‍ അതുകൊണ്ടല്ലേ നീ എന്നെ സ്നേഹിക്കാത്തത്..അത് എനിക്കറിയാം..
- ഞാന്‍ നിന്നെ പ്രണയിക്കുന്നു..അതിനു നീ എന്റെ അക്ഷരങ്ങളെയൊന്നും സ്നേഹിക്കണ്ട എന്നോട് ഇപ്പോള്‍ കാണിച്ച ഈ ഒരു സ്നേഹമുണ്ടല്ലോ അത് മാത്രം മതി..
*************************************************
മേഘങ്ങളാല്‍ നിറഞ്ഞ ആകാശമായിരുന്നു അന്ന്. മേഘാവൃതമായ ആകാശവും നോക്കി ടെറസ്സില്‍ മലര്‍ന്നു കിടന്ന അവന്റെ ഫോണ്‍ ശബ്ദിച്ചു.അങ്ങേയറ്റത്ത്‌ അവളായിരുന്നു.
- ഡാ.. ഈ ഹോസ്റെലിനു മുകളിലത്തെ മേഘം നിറഞ്ഞ ആകാശത്ത് ഒരേ ഒരു നക്ഷത്രം മാത്രം..അത് എന്നെത്തന്നെ നോക്കുവാ..അതിനെ കാണുമ്പോള്‍ എനിക്ക് നിന്നെത്തന്നെ ഒര്മവര്വാ......
- ഹ ഹ..നീയും എഴുതി തുടങ്ങിയോ?
കൊള്ളാം...
- ഓ..കളിയാക്കുവോന്നും വേണ്ടാ..എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു, അത്ര മാത്രം!!
 *************************************************
ഒരു ചെറിയ കുട്ടിയുടെ മാനസ്സിക നിലയില്‍ നിന്നും അവളെ അവന്‍ മാറ്റിയെടുക്കുകയായിരുന്നു. ആളുകളെ മനസ്സിലാക്കാനും ചിന്തിക്കാനും ധൈര്യത്തോടെ നടക്കാനും ഒക്കെ അവന്‍ അവളെ പഠിപ്പിച്ചു. ഇതൊന്നും മനസ്സിലാകാതെ അവള്‍ മാറിക്കൊണ്ടിരുന്നു. സ്വന്തമായി ചിന്തിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞ ഒരു വൈകുന്നേരത്തില്‍ അവള്‍ അവനോടു പറഞ്ഞു
- നമ്മള്‍ ഒരുമിച്ചു ജീവിച്ചാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ലേ നീ തന്നെ ഒന്നാലോചിച്ചു നോക്കൂ..നിന്റെയും എന്റെയും ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ തന്നെ വേറെയല്ലേ..
- എന്താ ഇതൊക്കെ പറഞ്ഞു എനെ വിട്ടു പോകാനാണോ,നീ ശ്രമിക്കുന്നത്..
അവന്‍ ഒരു ചെറു ചിരിയോടെ ചോദിച്ചു.
അവള്‍ വേവലാതിയോടെ മറുപടി നല്‍കി..
- അല്ലാ ഞാന്‍ മരിച്ചാലും നിന്നെ വിട്ടുപോകില്ല...പക്ഷെ നിനക്ക് എന്നെ വിട്ടുപോകണം എന്ന് തോന്നിയാലോ? അതുകൊണ്ടാണ് ഞാന്‍ ഈ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ എടുത്തു പറഞ്ഞത്!! നിനക്ക് വിഷമമായോ?
അതെ ചിരിയോടെ അവന്‍ മറുപടി നല്‍കി..
- ഈ ഒരു വളര്‍ച്ചയിലേക്ക് നിന്നെ കൊണ്ട് വരാനാണ് ഞാന്‍ നിന്നെ പ്രണയിച്ചത്..നീ തന്നെ ഈ കാര്യങ്ങള്‍ തിരിച്ചറിയുന്ന രീതിയില്‍ ചിന്തിക്കാനുള്ള പ്രാപ്തിയില്‍ എതനമെന്നതായിരുന്നു എന്റെ സ്വപ്നം..അത് പൂര്‍ത്തിയായി..ഇനി ഒരു കാവല്ക്കാരാനായി ഞാന്‍ നിനക്കൊപ്പം നില്‍ക്കേണ്ടതില്ല..ഞാന്‍ യാത്രയാകുന്നു..വിട..

ചെകുത്താന്‍

അവസാനത്തെ അത്താഴവും കഴിഞ്ഞു,
ഒറ്റുകാരനാല്‍ കാട്ടിക്കൊടുക്കപ്പെട്ടു,
മുഖത്ത് വെട്ടേറ്റു പിടഞ്ഞു ചത്തവനെ-
വീണ്ടും വീണ്ടും വെട്ടുകയാണ്....
കള്ളകഥകള്‍, വാര്‍ത്തകള്‍, വോട്ട് പിടിത്തം എന്നിങ്ങനെ..
വെള്ളി നാണയങ്ങള്‍ എണ്ണിവാങ്ങിയവരെ,
ഗാഗുല്തയിലേക്ക് തള്ളിവീഴ്താന്‍ പോയ,
ദൈവത്തെപ്പോലും നാടുകടത്തിയ-
ചെകുത്താന്‍ ആരാണ്?
അല്ലെങ്കിലും,
യേശുവിനെ നാം ഇന്നും,
കുരിശിലേറ്റിക്കൊണ്ടിരിക്കുകയാനല്ലോ..

എന്റെ രക്തം

നിന്റെ മുറിവുകള്‍ക്ക്‌,
എന്റെ രക്തം ഔഷധമായി..
ഒടുവില്‍, മുറിവുകള്‍ ഉണങ്ങിയപ്പോള്‍,
നീ നന്ദി പറഞ്ഞു അകന്നു..
അപ്പോഴേക്കും രക്തം വാര്‍ന്നു,
ഞാന്‍ മരിച്ചിരുന്നു..


Friday, May 4, 2012

മന്‍മോഹന്റെ സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങളില്‍ കാണാന്‍ പറ്റാത്ത ജീവിതങ്ങള്‍..

തമിള്‍നാട്ടിലെ ഒരു ഇടത്തരം പട്ടണത്തിലെ സാമാന്യം തരക്കേടില്ലാത്ത (ആ പട്ടണത്തിലെ ഏറ്റവും വലിയ) ഒരു റെസ്ടോറെന്റില്‍ നിന്നും പ്രാതല്‍ കഴിക്കുകയായിരുന്നു ഞാന്‍. കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ചില്ലുകളില്‍ കൂടി കണ്ണുകള്‍ പുറത്തേക്കു സഞ്ചരിച്ചു കൊണ്ടിരുന്നു. അപ്പോഴാണ്‌  റെസ്ടോറെന്ടിനു മുന്നിലെ പുല്‍ത്തകിടിയില്‍ കള പറിക്കുകയും വൃത്തിയാക്കുകയും ഒക്കെ ചെയ്യുന്ന കുറെ വൃത്ധകളെ കണ്ടത്. മുഷിഞ്ഞു കീറിയ വസ്ത്രം ധരിച്ചു, ചെളി പിടിച്ച ഒരു തുണി തലയില്‍ കെട്ടി അവര്‍ ജോലി ചെയ്യുകയാണ്. നമ്മുടെ നാട്ടിലെ പതിവ് കാഴ്ച തന്നെ. അത് കൊണ്ട് തന്നെ അവരില്‍ നുന്നും കണ്ണുകള്‍ പിന്‍വലിക്കാനിരിക്കുംബോഴാനു നല്ല പ്രായമുള്ള ഒരു അമ്മൂമ്മയെ അവരുടെ കൂട്ടത്തില്‍ കണ്ടത്. അവര്‍ ആ പുല്‍ തകിടിയില്‍ ഇരുന്നു പുല്ലു പറിച്ചു കൊണ്ടിരിക്കുകയാണ്. 
മഴയുടെ തുടര്‍ച്ചയായ അഭാവം കൊണ്ട് വരണ്ടു പോയ ഭൂമി പോലെയായിരുന്നു അവരുടെ കണ്ണുകള്‍. കാഴ്ച്ചക്കുരവുകൊണ്ടാവണം, ഇടയ്ക്കിടെ അവര്‍ മിഴികള്‍ ബലത്തില്‍ അടയ്ക്കുകയും ആയാസപ്പെട്ട്‌ തുറക്കുകയും ചെയ്യ്തുകൊണ്ടിരുന്നു. കറുത്ത ചരടുകള്‍ കൊണ്ട് കെട്ടി വച്ചിരുന്ന കണ്ണട അവര്‍ക്ക് ഈ ലോകത്തിന്റെ ദൃശ്യങ്ങളെ തെളിമയോടെ കാട്ടിക്കൊടുക്കാന്‍ തക്ക കഴിവില്ലാതതാനെന്നു തോന്നുന്നു.ഇത് വരെ കണ്ട മുഖങ്ങളില്‍ നിന്നെല്ലാം അവരുടെ മുഘതിനു എന്തോ പ്രത്യേകത ഉള്ളത് പോലെ എനിക്ക് തോന്നി. പയ്യെ പുറത്തിറങ്ങിയ ഞാന്‍ അവരുടെ അടുത്തേക്ക് പോയി. ജോലിയൊക്കെ എങ്ങനെയുണ്ട് എന്ന എന്റെ ഉറക്കെയുള്ള ചോദ്യമാണ് അവര്‍ക്ക് എന്റെ സാന്നിധ്യം അറിയിച്ചു കൊടുത്തത് എന്ന് തോന്നുന്നു. പെട്ടന്ന് തന്നെ അവര്‍ ചാടി എഴുന്നേറ്റു. കെട്ടി വച്ചിരുന്ന കണ്ണടയും മടിയിലുണ്ടായിരുന്ന പൊതിയും (പുകയില പൊതിയാവണം) താഴെ വീണു. ആ സ്ഥാപനത്തിലെ ഏതെങ്കിലും മേനെജരോ മുതലാളിമാരോ ആയിരിക്കണം എന്ന് കരുതിയാവണം അവര്‍ കൈകള്‍ കൂപ്പിക്കൊണ്ട്‌ "നല്ല രീതിയില്‍ പോകുന്നു സാമീ" എന്ന് മറുപടി നല്‍കി. ആ ശബ്ദത്തില്‍ ഭയമോ അല്ലെങ്കില്‍ വിധേയത്വമോ തിരിച്ചറിയാനാകാത്ത വിധം കലര്‍ന്നിരുന്നു. ഞാന്‍ കുനിഞ്ഞു അവരുടെ വീണു പോയ കണ്ണടയും പൊതിയും എടുത്തു കയ്യില്‍ വച്ച് കൊടുത്തു.
അവര്‍ കുറെ സമയം ആശ്ചര്യവും ഭയവും ഒക്കെ കലര്‍ന്നാണ് എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നുകൊണ്ടിരുന്നത്. ഒരു പക്ഷെ നമ്മളെപ്പോലെയുള്ള മനുഷ്യന്മാര്‍ അവരോടു ഇതുവരെ സ്നേഹത്തില്‍ പെരുമാറി കാണില്ല എന്ന് എനിക്ക് തോന്നി.എന്റെ "പാട്ടീ" (മുത്തശി) എന്നുള്ള വിളിയൊക്കെ കേട്ടിട്ടാവണം അവര്‍ പയ്യെ എന്നോട് ഒരു പെരക്കുട്ടിയോടെന്നവണ്ണം സ്നേഹത്തോടെ സംസാരിക്കാന്‍ തുടങ്ങി. അവരുടെ പേര് കണ്ണമ്മ.ആ ടൌണില്‍ നിന്നും കുറച്ചകലെ ഒരു ഗ്രാമത്തിലാണ് താമസം. ചെറിയ പ്രായം മുതലേ തോട്ടത്തില്‍ ജോലിക്ക് പോകും. സ്കൂളില്‍ പോയിട്ടേയില്ല.പതിമൂന്നാമത് വയസ്സിലായിരുന്നു കല്യാണം. ഭര്‍ത്താവ് തിരുവനന്തപുരത്ത് ചായക്കടയില്‍ ജോലിക്കാരനായിരുന്നു. അവര്‍ ഒരിക്കല്‍ യാത്ര പറഞ്ഞു പോയതാണ്. പിന്നെ കണ്ടിട്ടില്ല. അതിനുള്ളില്‍ അവര്‍ക്ക് ഒരു ആണ്‍ കുഞ്ഞും ഒരു പെണ്‍കുഞ്ഞും പിറന്നിരുന്നു.പെണ്‍കുഞ്ഞു ജനിച്ചതിലിരുന്നു കിടക്കപ്പായിലിരുന്നു എനീട്ടിട്ടില്ല. മകന് അന്ജാമത്തെ വയസ്സില്‍ പനി പിടിച്ചു കിടന്നു. ഒരു പാട് നാളുകള്‍ കിടന്നു. കണ്ണമ്മയുടെ പ്രാര്തനകളെ തോല്‍പ്പിച്ചു അവന്‍ യാത്രയായി. പിന്നെ അച്ഛന്റെ മരണം. അമ്മയുടെയും  അമ്മൂമ്മയും മാത്രമായി കൂട്ട്. പിന്നെ അവരോക്കെപ്പോയി കണ്ണമ്മ തനിച്ചായി - മകളും. ഭര്‍ത്താവ് തിരിച്ചു വരും എന്ന് കരുതുന്നുണ്ടോ എന്നാ എന്റെ ചോദ്യത്തിന് അയാളുടെ മുഖം പോലും ഇപ്പോള്‍ ഓര്‍മയില്ല എന്നായിരുന്നു മറുപടി. അല്ലെങ്കിലും കാല്പനികതയും കാത്തിരിപ്പുകളും എല്ലാം മറ്റു ജോലികലോന്നുമില്ലാത്ത നമുക്ക് മാത്രമാണെന്ന് തോന്നി. അന്നം തേടി അലയുന്നവന് അതൊക്കെ വറ്റിപ്പോകും. ഇവിടുന്നു എത്ര കൂലി കിട്ടും എന്നാ ചോദ്യത്തിന് 50 രൂപ എന്ന് അവര്‍ പറഞ്ഞു. ആശ്ചര്യത്തോടെ ഞാന്‍ അവരെ നോക്കി. ഇപ്പോള്‍ ബസ്‌ കാശ് കൂടി കൂട്ടിയില്ലേ അപ്പോള്‍ എങ്ങനെയാണ് ഒപ്പിച്ചു പോകുന്നത് എന്ന എന്റെ സാമ്പത്തിക ശാസ്ത്ര ചോദ്യത്തിന് മുന്നില്‍ മാത്രം അവര്‍ ഒന്ന് പുഞ്ചിരിച്ചു. അല്പം ദൂരെ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ കൈചൂണ്ടിക്കൊണ്ട് അവര്‍  പറഞ്ഞു -മുന്‍പൊക്കെ ഒരു ഗ്ലാസ്‌ ചായ വാങ്ങി ഞങ്ങള്‍ രണ്ടു പേര് കുടിച്ചിരുന്നു..ഇപ്പോള്‍ ഞങ്ങള്‍ മൂന്നു പേര് ഒരു ഗ്ലാസ്‌ ചായ വാങ്ങിയിട്ട് തൊണ്ട നനയ്ക്കുമെന്നു. എനിക്ക് ഒരീക്കലുമ് ദാഹിക്കാതിരുന്ന മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക ശാസ്ത്രം ഒരിക്കല്‍ കൂടി വായില്‍ കയ്പ്പ് നീരായി തികട്ടി വന്നു.
യാത്ര പറഞ്ഞു കൊണ്ട് ഞാന്‍ അവര്‍ക്ക് ഒരു 50 രൂപയെടുത്ത്‌ നീട്ടി. അവര്‍ അത് നിഷേധിച്ചുകൊണ്ട് അഭിമാനത്തോടെ പറഞ്ഞു;- "എനിക്ക് ഒരു ദിവസം ഇവിടെ ജോലി ചെയ്യ്താല്‍ ഇത് കിട്ടും കുഞ്ഞേ.."
(ഞാന്‍ അവരില്‍ നിന്നും തിരിച്ചു നടക്കുമ്പോള്‍ അവരെ ജോലി ചെയ്യിപ്പിക്കുന്ന കോണ്ട്രാക്റ്റ്കാരനടെ മാനേജര്‍ വയറു നിറയെ ഭക്ഷണവും കഴിച്ചു പല്ലില്‍ കുത്തി കൊണ്ട് വരുന്നുണ്ടായിരുന്നു. അയാള്‍ എന്നോട് പറഞ്ഞു "അതികം അടുക്കണ്ട സാറേ..അടുത്താല്‍ നിങ്ങളോട് കാശ് ചോദിച്ചു കളയും ! എല്ലാം കള്ളാ തിരുമാലികലാ...")

Wednesday, May 2, 2012

കെ പി സി സ്കൂള്‍ - മഴ നനഞ്ഞു,ആര്‍ദ്രമായി,ചൂടുപിടിച്ച ഓര്‍മ്മകള്‍..

ഓര്‍മകളുടെ ഇടവഴികള്‍ കാടുപിടിച്ച് തുടങ്ങുന്നതിനും ഒരു പാട് മുന്‍പേ തന്നെ ആ സ്കൂള്‍ കടന്നു വരും. നായാട്ടുപാറ എന്ന വിശാലമായ പരന്നു കിടക്കുന്ന പ്രദേശത്ത് നാലതിരുകളും മതിലുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു സ്കൂള്‍ കാണാം-"കെ പി സി എച് എസ് എസ് പട്ടാന്നൂര്‍". കാലം തുരുമ്പ് പിടിപ്പിച്ച ബോര്‍ഡില്‍ സ്കൂളിന്റെ പേര് തിളങ്ങി നില്‍ക്കുന്നത് ദൂരെയിരുന്നേ കാണാം. സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെയും സമീപ പ്രദേശങ്ങളുടെയും നാമങ്ങള്‍ അതി വിചിത്രങ്ങളായി തോന്നും. "കരടി-നായാട്ടുപാറ- തുളച്ച കിണര്‍" എന്നൊക്കെയാണ് അവ (ആ പേരുകള്‍ വന്നതിനെക്കുറിച്ചൊക്കെ ഇനിയൊരിക്കല്‍ എഴുതാം).

 *   *  *  *  *  *  *  *  *  *  *  *  *  *  *  *  *
കെ പി സി സ്കൂളില്‍ എട്ടാം ക്ലാസ്സില്‍‍ പോകുന്നതിനു മുന്‍പ് മൂന്നു സ്കൂളുകളില്‍ ഞാന്‍ പടിചിട്ടിട്ടുണ്ടായിരുന്നു. അതില്‍ ആദ്യത്തെ രണ്ടെണ്ണം അമ്മയും അച്ഛനും ജോലി ചെയ്യ്തു കൊണ്ടിരുന്ന സ്കൂളുകള്‍ ആയിരുന്നു. മറ്റൊന്നാകട്ടെ അവരുടെ കണ്‍വെട്ടതുള്ള മറ്റൊരു സ്കൂളിലും. അതുകൊണ്ടാവണം എനിക്ക് "സ്വാതത്ര്യതിന്റെ" പുതിയ ആകാശം കിട്ടിയത് പോലെ ആയിരുന്നു-കെ പി സി സ്കൂള്‍. ചുവന്ന പ്രദേശങ്ങളായ മടിക്കൈയിലെയും പയ്യന്നുരിലെയും മുന്‍ വിദ്യാലയങ്ങളില്‍ നിന്നും എസ് എഫ് ഐ യോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയത് കൊണ്ട് തന്നെ, കെ പി സി യിലെ കലുഷമായ രാഷ്ട്രീയാന്തരീക്ഷം എനിക്ക് പുതുമയൊന്നും ഉണ്ടാക്കിയില്ല. എ കെ ആന്റണിയുടെ മന്ത്രി സഭ അധികാരത്തില്‍ ഇരിക്കുന്ന സമയമായിരുന്നു അത്. സ്വാശ്രയ പ്രശ്നം അടക്കം നിരവധി പ്രശ്നങ്ങളാല്‍ വിദ്യാലയാന്തരീക്ഷം ചുട്ടുപൊള്ളുന്ന സമയം. ഒന്‍പതു,പത്തു ക്ലാസ്സുകളില്‍ എസ് എഫ് ഐ സ്ഥാനാര്‍ഥിയായി നിന്ന് ക്ലാസ്സ്ലീടര്‍ ആയും, പത്താം ക്ലാസ്സില്‍ സ്കൂള്‍ ലീടര്‍ ആയും ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. എസ് എഫ് ഐ യുടെ ചുവന്ന മഷിയില്‍ അച്ചടിച്ച, വിദ്യാര്‍ഥികളെ പുതിയ അധ്യന വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്യുന്ന, മഴയില്‍ ഈറനായ ലഘുലെഘകള്‍ വായിച്ചിട്ട് ആരംഭിക്കുന്ന മൂന്നു സ്കൂള്‍ വര്‍ഷങ്ങളും തീഷ്ണമായ ചൂടില്‍ വിരിഞ്ഞു നില്‍ക്കുന്ന മെയ്‌ ഫ്ലവര്‍ മരങ്ങളില്‍ അവസാനിച്ചു. ഈ ഓരോ ഇട വേളകളിലും ഞങ്ങള്‍ വളരുകയായിരുന്നു. കുട്ടിതത്തില്‍ നിന്നും കുപിത കൌമാരത്തിന്റെ ആവേശങ്ങളിലേക്ക്....

 * * * * * * * * * * * * * * * * *
പ്രൈമറി ക്ലാസ്സുകളില്‍ നിന്നേ വിദ്യാരംഗം കലാ സാഹിത്യ വേദിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത് കൊണ്ട് എട്ടാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സുവരെ അതിന്റെ സെക്രട്ടറി ആയി പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചു. നിരവധി കഥാ/കവിതാ/നാടക ക്യാമ്പുകളില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. "എന്നില്‍" നിന്നും "എന്നിലേക്ക്‌" വേഗത്തില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. യുവജനോത്സവങ്ങളിലും ഒക്കെ നന്നായി സാനിധ്യമറിയിക്കാനും സമ്മാനങ്ങള്‍ വാരിക്കൂട്ടാനുമുള്ള അവസരം കെ പി സി എപ്പോഴും എനിക്ക് തന്നു കൊണ്ടിരുന്നു....

 * * * * * * * * * * * * * * * * *
എന്റെ എഴുത്തുകളില്‍ പ്രണയം കടന്നു വന്നത്,കെ പി സി യില്‍ വച്ചായിരുന്നു. ആ കഴിവ് എനിക്ക് സമ്മാനിച്ചത്‌ എന്റെ പ്രായമായിരുന്നോ,അതോ കെ പി സി യില്‍ ആദ്യമായി കടന്നു ചെന്ന ദിവസം തന്നെ ജൂണ്‍ മഴയില്‍, കുടയ്ക്കുള്ളിലേക്ക് ബലം പിടിചെതുന്ന മഴത്തുള്ളികളില്‍ അല്പം നനഞ്ഞു - ഇരു വശവും നീല റിബ്ബനുകള്‍ കൊണ്ട് കെട്ടിയിട്ട മുടിയുമായി ക്ലാസ്സിലേക്ക് കയറിവന്ന അവള്‍ സമ്മാനിച്ചതാണോ അതോ ആ മഴയായിരുന്നോ എന്ന് എനിക്കറിയില്ല. പക്ഷെ, ഇന്നും കെ പി സിക്കകത്തു പെയ്യുന്ന മഴയ്ക്ക്‌ ഒരു പ്രത്യേക സൌന്ദര്യമുണ്ട്. അവിടെ മഴപെയ്യുമ്പോള്‍ ഉയരുന്ന പുതു മണ്ണിന്റെ ഗന്ധത്തിനു എന്തോ ഒരു പ്രത്യേകത ഉണ്ട്....


 * * * * * * * * * * * * * * * * *
സ്നേഹ സമ്പന്നരായ ഒരുപാട് അധ്യാപകര്‍ക്ക്‍ പക്ഷെ ഏതൊരു സ്കൂളിലെയും പോലെ കുട്ടികള്‍ സ്നേഹത്തോടെ വട്ടപ്പേര് (ഇരട്ടപ്പേര്) ചാര്‍ത്തിക്കൊടുത്ത ഇടമായിരുന്നു
കെ പി സി. എം എന്‍ വിജയന്മാഷിന്റെ "കാലിടോസ്കൊപ്" എന്ന ജീവിത ചിത്രങ്ങളില്‍ ബ്രെന്നനെക്കുറിച്ചു മാഷ്‌ പറഞ്ഞവസാനിക്കുന്നത് വായിക്കുമ്പോള്‍ ആ അധ്യാപകരെയൊക്കെ ഓര്‍മവരുന്നു. റിട്ടയര്‍ ആയവരും മണ്മറഞ്ഞു പോയവരും ഇന്നും അവിടെത്തന്നെ ജോലി ചെയ്യുന്നവരുമായ കെ പി സി യുടെ പ്രിയപ്പെട്ട അധ്യാപകരെ..

വിജയന്‍ മാഷ്‌ എഴുതുന്നു..
"ബ്രെണ്ണന്‍ മുന്നില്‍ ഞാന്‍ കാത്തിരിക്കുന്നത് പോക്കിരികലെയാണ്. കാരണം എന്നും സ്നേഹത്തോടെ തേടി വരുന്നത് പോക്കിരികലാണ്. ഒരു റാങ്ക് ഹോല്ടെര്‍ ഒരിക്കല്‍ പോലും തന്റെ അധ്യാപകരെ തേടി വരുന്നില്ല. പക്ഷെ പോക്കിരികള്‍ വരും. മാഷെന്നെ മറന്നുവോ എന്ന് ചോദിക്കും. മാഷന്നു പറഞ്ഞതുകൊണ്ടാണ് ഞാന്‍ നന്നായതെന്നു പറയും. ഒരു പക്ഷെ ഏറ്റവും ആര്‍ദ്രമായ ഒരു ഓര്‍മയില്‍ പോക്കിരി കരയും.."

(ബ്രെണ്ണന്‍ കോളേജിലെ പഴയ വിദ്യാര്തികളുടെ (60കളിലെ) സംഗമത്തെപ്പറ്റി ഒരു ടെലിവിഷന്‍ പ്രോഗ്രാം ചെയ്യ്തപ്പോള്‍ ഞാന്‍ അവസാനിപ്പിച്ചത് വിദൂരതയിലേക്ക് കണ്ണും നട്ട് വിദ്യാര്‍ഥികളെ കാത്തിരിക്കുന്ന, പണ്ടെങ്ങാണ്ടോ ഷൂട്ട്‌ ചെയ്യ്ത വിജയന്‍ മാഷിന്റെ വിഷ്വലോടെയായിരുന്നു. മേല്‍പ്പറഞ്ഞ വാചകങ്ങള്‍ വിവരണമായി നല്‍കിക്കഴിഞ്ഞു കണ്ടു നോക്കുമ്പോള്‍ എന്റെയുള്ളിലും ഒരു കണ്ണീര്‍ത്തുള്ളി നിറഞ്ഞു.വിജയന്‍ മാഷിനെ ഓര്‍ത്തിട്ടാണോ അതോ കെ പി സിയെക്കുറിച്ച് ഓര്‍ത്തിട്ടാണോ എന്നറിയില്ല!)

തങ്ങളെ വട്ടപ്പെരിട്ടു വിളിച്ച "പോക്കിരികളെയും" കാത്തു സ്നേഹത്തോടെ കെ പി സി യിലെ അധ്യാപകര്‍ അവിടെ കാത്തിരിപ്പുണ്ടാകും. "പോക്കിരികള്‍" അവരെത്തേടിപ്പോകുന്നുമുണ്ടാവണം....എനിക്കുറപ്പാണ് !

 * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *
http://www.youtube.com/watch?v=GNxBH2jU_6A

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * *