Thursday, May 10, 2012

ഒരു പ്രണയ കഥ അഥവാ ഒരാളെ സ്വയം ചിന്തിപ്പിക്കാന്‍ പഠിപ്പിച്ച കെട്ടു കഥ

ഒരു പക്ഷെ മറ്റുള്ളവരില്‍ നിന്നും അല്പം വ്യതസ്തനായി (കുറച്ചു ഭ്രാന്തുണ്ടോന്നു സംശയിക്കത്തക്ക രീതിയില്‍) നടക്കുന്നത് കൊണ്ടാവണം അവള്‍ അവനെ ശ്രദ്ധിച്ചത് തന്നെ. മറ്റുള്ളവര്‍ പെരുമാറുന്നതില്‍ നിന്നും വ്യതസ്തമായിട്ടുതന്നെയാണ് അവന്‍ അവളോടും പെരുമാറിയത്. സൌഹൃദത്തിന്റെ നാലാം ദിവസം തന്നെ പ്രണയമാണെന്നും പറഞ്ഞു പൈങ്കിളി സംസാരിക്കുകയും മെസ്സേജ് ചെയ്യുകയും ചെയ്യുന്നവരില്‍ നിന്നും തീര്‍ത്തും വ്യതസ്തനായതിനാല്‍ തന്നെയാവണം അവളുടെ ഉള്ളിലെവിടെയോ അവനോടു പ്രണയം സ്പന്ദിച്ചു തുടങ്ങിയത്. അവന്റെ സാമീപ്യത്തില്‍ അവള്‍ ഏകാന്തതയും അതില്‍ നിന്നുണ്ടാകുന്ന ഭയവും മറക്കുകയായിരുന്നു. അവന്റെ സാഹിത്യതെയോ രാഷ്ട്രീയതെയോ മനസ്സിലാക്കാനോ ആസ്വദിക്കാനോ അവള്‍ക്കു കഴിയുമായിരുന്നില്ല.
 *************************************************
പടക്കങ്ങള്‍ പൊട്ടിച്ചിരിക്കുന്ന ഒരു ദീപാവലി ദിവസത്തെ സന്ധ്യയില്‍ മൂകതയും വിരസതയും തളം കെട്ടി നില്‍ക്കുന്ന അടച്ചിട്ട മുറിയുടെ ഇരുട്ടിലിരുന്നു അവള്‍ അവനോടു പറഞ്ഞു, നമുക്ക് ഒരുമിച്ചു ജീവിച്ചാലോ? വിഷാദത്തിന്റെ ലഹരിയില്‍ നിന്നും അവന്‍ മറുചോദ്യം ചോദിച്ചു,അങ്ങനെ ചെയ്യ്താല്‍ നീ സന്തോഷമായിരിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ?
- ഉണ്ട്,നമ്മുടെ സൗഹൃദം തുടങ്ങിയതിനു ശേഷമാണ് ഞാന്‍ എന്റെ വീട്ടിനുപുറത്ത്‌ നിന്നും സന്തോഷമറിയുന്നത് ..
- ഏകാന്തതയുടെ കടലില്‍ മുങ്ങിക്കിടക്കുമ്പോള്‍, മരുഭൂമിയിലെ ഇതു യാത്രികനും അകലങ്ങളില്‍ മരീചിക തെളിയും..മരീചികകള്‍ ശാസ്ത്രവും ചിലപ്പോള്‍ മനസ്സും ചേര്‍ന്ന് സൃഷ്ട്ടിക്കുന്ന ഭ്രമമാണ്. അതിനെ ലക്ഷ്യമാക്കി പ്രയാണം ചെയ്യുന്നത് മണ്ടത്തരമാണ്..
- നീയിപ്പോള്‍ പറഞ്ഞതിന്റെ അര്‍ത്ഥമൊന്നും എനിക്ക് മനസ്സിലായില്ല..മനസ്സിലാകുകയും ഇല്ല..നിന്റെ സാഹിത്യം രസിക്കാനറിയാത്ത രാഷ്ട്രീയം അറിയാത്ത ഒരു പൊട്ടിപ്പെനാണ് ഞാന്‍ അതുകൊണ്ടല്ലേ നീ എന്നെ സ്നേഹിക്കാത്തത്..അത് എനിക്കറിയാം..
- ഞാന്‍ നിന്നെ പ്രണയിക്കുന്നു..അതിനു നീ എന്റെ അക്ഷരങ്ങളെയൊന്നും സ്നേഹിക്കണ്ട എന്നോട് ഇപ്പോള്‍ കാണിച്ച ഈ ഒരു സ്നേഹമുണ്ടല്ലോ അത് മാത്രം മതി..
*************************************************
മേഘങ്ങളാല്‍ നിറഞ്ഞ ആകാശമായിരുന്നു അന്ന്. മേഘാവൃതമായ ആകാശവും നോക്കി ടെറസ്സില്‍ മലര്‍ന്നു കിടന്ന അവന്റെ ഫോണ്‍ ശബ്ദിച്ചു.അങ്ങേയറ്റത്ത്‌ അവളായിരുന്നു.
- ഡാ.. ഈ ഹോസ്റെലിനു മുകളിലത്തെ മേഘം നിറഞ്ഞ ആകാശത്ത് ഒരേ ഒരു നക്ഷത്രം മാത്രം..അത് എന്നെത്തന്നെ നോക്കുവാ..അതിനെ കാണുമ്പോള്‍ എനിക്ക് നിന്നെത്തന്നെ ഒര്മവര്വാ......
- ഹ ഹ..നീയും എഴുതി തുടങ്ങിയോ?
കൊള്ളാം...
- ഓ..കളിയാക്കുവോന്നും വേണ്ടാ..എനിക്ക് തോന്നിയത് ഞാന്‍ പറഞ്ഞു, അത്ര മാത്രം!!
 *************************************************
ഒരു ചെറിയ കുട്ടിയുടെ മാനസ്സിക നിലയില്‍ നിന്നും അവളെ അവന്‍ മാറ്റിയെടുക്കുകയായിരുന്നു. ആളുകളെ മനസ്സിലാക്കാനും ചിന്തിക്കാനും ധൈര്യത്തോടെ നടക്കാനും ഒക്കെ അവന്‍ അവളെ പഠിപ്പിച്ചു. ഇതൊന്നും മനസ്സിലാകാതെ അവള്‍ മാറിക്കൊണ്ടിരുന്നു. സ്വന്തമായി ചിന്തിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞ ഒരു വൈകുന്നേരത്തില്‍ അവള്‍ അവനോടു പറഞ്ഞു
- നമ്മള്‍ ഒരുമിച്ചു ജീവിച്ചാല്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ലേ നീ തന്നെ ഒന്നാലോചിച്ചു നോക്കൂ..നിന്റെയും എന്റെയും ഇഷ്ട്ടാനിഷ്ട്ടങ്ങള്‍ തന്നെ വേറെയല്ലേ..
- എന്താ ഇതൊക്കെ പറഞ്ഞു എനെ വിട്ടു പോകാനാണോ,നീ ശ്രമിക്കുന്നത്..
അവന്‍ ഒരു ചെറു ചിരിയോടെ ചോദിച്ചു.
അവള്‍ വേവലാതിയോടെ മറുപടി നല്‍കി..
- അല്ലാ ഞാന്‍ മരിച്ചാലും നിന്നെ വിട്ടുപോകില്ല...പക്ഷെ നിനക്ക് എന്നെ വിട്ടുപോകണം എന്ന് തോന്നിയാലോ? അതുകൊണ്ടാണ് ഞാന്‍ ഈ കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ എടുത്തു പറഞ്ഞത്!! നിനക്ക് വിഷമമായോ?
അതെ ചിരിയോടെ അവന്‍ മറുപടി നല്‍കി..
- ഈ ഒരു വളര്‍ച്ചയിലേക്ക് നിന്നെ കൊണ്ട് വരാനാണ് ഞാന്‍ നിന്നെ പ്രണയിച്ചത്..നീ തന്നെ ഈ കാര്യങ്ങള്‍ തിരിച്ചറിയുന്ന രീതിയില്‍ ചിന്തിക്കാനുള്ള പ്രാപ്തിയില്‍ എതനമെന്നതായിരുന്നു എന്റെ സ്വപ്നം..അത് പൂര്‍ത്തിയായി..ഇനി ഒരു കാവല്ക്കാരാനായി ഞാന്‍ നിനക്കൊപ്പം നില്‍ക്കേണ്ടതില്ല..ഞാന്‍ യാത്രയാകുന്നു..വിട..

1 comment: