Monday, April 23, 2012

ബാല്യം - മരണം - ഭീതി - തിരിച്ചറിവുകള്‍..

ശൈശവം,ബാല്യം ഇവ രണ്ടും തൊട്ടടുത്ത ബന്ധുക്കളില്‍ നിന്നെന്നെല്ലാം അകന്നു മറ്റൊരു നാട്ടിലായിരുന്നു. അത് കൊണ്ടുതന്നെ ബന്ധുകുടുംബങ്ങളിലെ പ്രായമായവരുടെ ശവ സംസ്കാര ചടങ്ങുകളിലോന്നും പങ്കെടുക്കാനും പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മരണം എന്ന പദവുമായി നേരിട്ട് സന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് അമ്മമ്മ പറഞ്ഞു തന്ന കഥകളില്‍ എന്റെ കുടുംബത്തിലെ രക്തസാക്ഷി സഖാവ് പി സി അനന്തന്‍ നായരുടെ ജ്വലിക്കുന്ന മരണത്തിന്റെ/കൊലപാതകത്തിന്റെ വിവരണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും തന്നെ എന്നെ ഭയപ്പെടുത്തിയിരുന്നില്ല,മറിച്ചു ഭഗത് സിംഗ് ന്റെയും മറ്റും കഥകള്‍ കേള്‍ക്കുന്നതുപോലെ ആവേശമാണ് എന്നില്‍ ഉണ്ടാക്കിയത്. വളരെ അപൂര്‍വമായി അമ്മ പറയുമായിരുന്ന അവരുടെ അമ്മായിയുടെ രോഗം വന്നുള്ള മരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞാന്‍ എന്ന കുട്ടിയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. സങ്കടവും നിരാശയും ഒക്കെ എനിക്ക് ആ സമയത്ത് തോന്നാറുണ്ട്. മരണം എന്ന പദം എന്നില്‍ ഭീതിയാണ് സൃഷ്ട്ടിചിരുന്നത് എങ്കില്‍ പോലും മരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചു. മരണത്തെക്കുറിച്ചുള്ള വലിയവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചു, അറിഞ്ഞതും കേട്ടതും എന്നില്‍ കൂടുതല്‍ ഭീതി സൃഷ്ട്ടിച്ചു. ചിലപ്പോഴൊക്കെ ഉറക്കം നഷ്ട്ടപ്പെടുത്തി. ഭീതി സ്വപ്‌നങ്ങള്‍ കണ്ടു. എങ്കിലും ഞാന്‍ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വായിക്കാനും കേള്‍ക്കാനും കൊതിച്ചു.കൊയ്യത്തെ ഭഗവതിക്കാവില്‍ പൂരക്കുളി കഴിഞ്ഞു പീടത്തില്‍ കയറി ഉറഞ്ഞു തുള്ളുകയും ആക്രോശിക്കുകയും ചെയ്യുന്ന വെളിച്ചപ്പാടിന്റെ രൂപം മനസ്സില്‍ എവിടെയോ പതിഞ്ഞത് അങ്ങനെയോക്കെയാവണം. പനിച്ചു..നന്നായിപ്പനിച്ചു..പിച്ചും പേയും പറഞ്ഞു. അച്ഛനും അച്ചാച്ചനും എന്നെ ചുമലില്‍ എടുത്തു കിലോമിട്ടരുകള്‍  നടന്നു തളിപ്പറമ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അല്പം കൂടി വലുതായപ്പോള്‍, ചില പ്രേത സിനിമകള്‍ മരണം എന്ന സങ്കല്‍പ്പത്തെ എന്നില്‍ കുറച്ചു കൂടി ഭീതിജനകമാക്കി. മരണത്തെ പ്രേതം/ ആത്മാവ് എന്നുള്ള പദങ്ങളുമായി ചേര്‍ത്ത്  ഞാന്‍ എന്ന ശിശു ചിന്തിക്കാന്‍ തുടങ്ങി. ഇത് കൂടുതല്‍ ഭീതിജനകവും വിഷാദാത്മകവുമായ അവസ്ഥകള്‍ എനിക്ക് ശ്രുഷ്ട്ടിച്ചു തന്നു.
 വളരെയേറെ ദുഘവും ഏകാന്തതയും എന്നില്‍ സൃഷ്ട്ടിച്ച സംഭവ പരമ്പരകള്‍ നടന്നത് എനിക്ക് ഏതാണ്ട് 9 - 10  വയസ്സ് ഉള്ളപ്പോലാണ്. അപ്പോഴാണ്‌ അമ്മയ്ക്ക് അപ്പണ്ടിക്സ് സര്‍ജറി ചെയ്യാന്‍ വേണ്ടി കണ്ണൂരില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ ഇപ്പോഴും അവിടെ അമ്മയുടെ കൂടെയാവും. ഞാനും അനിയനും അച്ഛന്റെ കൊടോളിപ്രതെ വീട്ടിലാണ്. അവിടെ ഇളയമ്മമാരും അച്ചാച്ചനും അമ്മമ്മയും ഒക്കെ ഉണ്ടെങ്കിലും എനിക്ക് വളരെയേറെ ദുസ്സഹമായ ഒരു ഏകാന്തതയും സങ്കടവും അനുഭവപ്പെടാന്‍ തുടങ്ങി. അപ്പോഴാണ്‌ അമ്മയുടെ അമ്മൂമ്മയുടെ മരണം. അച്ചാച്ചന്റെ കൂടെയാണ് മരണം നടന്ന വീട്ടിലേക്കു പോകുന്നത്. ഒരു പക്ഷെ എന്റെ ജീവിതത്തില്‍ തന്നെ ആദ്യമായി ഞാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ മരണ വീട്. ഞങ്ങള്‍ എത്തുമ്പോഴേക്കും ചിത കത്തി തുടങ്ങിയിരുന്നു.എപ്പോഴും തൂവെള്ള വസ്ത്രം മാത്രം ധരിക്കുന്ന "തൊണ്ടിയമ്മമ്മ" ആ അഗ്നി നാളങ്ങല്‍ക്കിടയിലൂടെ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. ആ ദ്നിമിഷം തൊട്ടു ഞാന്‍ അനുഭവിച്ചിരുന്നത്‌ എകാന്തതയാണോ വിഷമമാണോ എന്ന് എനിക്കറിയില്ല. എന്തുതന്നെ ആയാലും ആ അവസ്ഥ എന്നെ ഒരുപാട് പേടിപ്പെടുത്തി. ആ മരണം കഴിഞ്ഞു അല്പനാള്‍ കഴിഞ്ഞു അമ്മ ഹോസ്പിറ്റലില്‍ നിന്ന് വരുന്നതിനു മുന്‍പേ അച്ഛന്റെ അമ്മാവന്റെ മരണം ഉണ്ടായി. എല്ലാം ചേര്‍ന്ന് എന്നില്‍ സൃഷ്ട്ടിക്കപ്പെട്ട ആഘാതം വളരെവലുതായിരുന്നു. ഏകാന്തത,വിഷാദം,ഭയം ഇവയെല്ലാം ചേര്‍ന്ന് എന്നില്‍ ഒരേ സമയം നൃത്തം വച്ചു. ഉറക്കം നഷ്ട്ടപ്പെടുന്ന രാത്രികളുടെ നീളം ദീര്‍ഘിച്ചു. തൊടിയിലെ നമ്പ്യാര്‍ മാങ്ങകള്‍ തിന്നാന്‍ വരുന്ന വവ്വാലുകള്‍ ശബ്ദമുണ്ടാക്കുമോള്‍ ഞാന്‍ ഞെട്ടി വിറച്ചു. ചീവീടുകളുടെ കരച്ചിലിനിടയില്‍ കൂടി അജ്ഞാതനായ ഒരു ശത്രുവിന്റെ പാദസ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്തു കൊണ്ട് ഉറക്കം വരാതെ കിടന്നു.
പിന്നീടാണ് ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നത് യുക്തി വാദവും ശാസ്ത്രവും വിശ്വാസങ്ങളും കമ്മ്യൂണിസവും ഗാന്ധിസവും എല്ലാം വായിച്ചു. അങ്ങനെ ഞാന്‍ യുക്തിവാടത്തില്‍ വിശ്വസിച്ചു..ഒരു കമ്മുനിസ്റ്റ്‌ ആയി..മനുഷ്യത്വം ആണ് ഏറ്റവും വലിയ ആത്മീയതയെന്നും മരണാനന്തര ജീവിതത്തെ ആത്മീയതയുമായി ബന്ധപ്പെടുത്തി കച്ചവടം ചെയ്യുകയാണ് എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ മനസ്സിലായി..
അല്പം കൂടി വലുതായപ്പോള്‍ അച്ഛന്റെ വയസ്സായ മുത്തശ്ശിയുടെ മരണം എന്റെ കണ്മുന്നിലാണ് നടന്നത്. മുത്ത്‌ മുത്തശ്ശിയുടെ മരണം എന്നെ ഭയപ്പെടുത്തിയില്ല,അപ്പോള്‍ ഉണ്ടായ വികാരം തീഷ്ണമായ സങ്കടമാണെന്നു തിരിച്ചറിഞ്ഞു..പിന്നീട് ടി വി യില്‍ കൂടി കണ്ട സദ്ദാമിന്റെ തൂക്കിലിടലും ഗുരുസ്ഥാനീയനായ എം എന്‍ വിജയന്‍ മാഷിന്റെ തല്‍സമയ സംപ്രേക്ഷനതിനിടയിലുള്ള മരണവും പുതിയ തലങ്ങളിലേക്ക് ഉള്‍ക്കൊള്ളുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. ഇന്നത്തെ ഞാനായി..
പരമത്തി-വേലൂര്‍ ഗ്രാമത്തിലെ കാവേരി നദിക്കരയിലെ പ്രാചീനമായ ശിവ ക്ഷേത്രത്തിനു സമീപത്തു പതിവ് പോലെ ഒരു വൈകുന്നേരം കാറ്റ് കൊണ്ട് ഇരിക്കുകയായിരുന്നു. ക്ഷേത്രത്തോട് തൊട്ടുള്ള ശ്മശാനത്തിലെ ചിതയില്‍ ഒരു ശവം എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് ചൂട് കൊണ്ട് വളഞ്ഞ ആ ശവം ചിതയില്‍ "എഴുന്നേട്ടിരുന്നത്"! ശവം കത്തിച്ചു കൊണ്ടിരുന്നവന്‍ കയ്യിലെ ഇരുമ്പ് വടികൊണ്ട് പൊടുന്നനെ ശവത്തിനെ "അടിച്ചു കിടത്തി".. മരണത്തിനപ്പുരതുള്ള അര്‍ത്ഥ ശൂന്യത ഓര്‍ത്തു എനിക്ക് ചിരി വന്നു. മരണത്തിനപ്പുറത്തു ഒരു ജീവിതമുണ്ടെന്ന് കൊതിച്ചു ഒരുപാട് മണ്ടത്തരം കാട്ടിക്കൂട്ടുന്നവരെയോര്‍ത്തു ചിരിച്ചുകൊണ്ടാണ് ഞാന്‍ അവിടെനിന്നും മടങ്ങിയത്..
ഇന്ന് എനിക്കറിയാം കുട്ടിക്കാലത്ത് എന്നെ ഭയപ്പെടുത്തിയത് മരണമോ, പ്രേതങ്ങളോ അല്ല എന്ന്..എന്റെ ഏകാന്തതയും വിഷാദമായ അവസ്ഥകളും ആണെന്ന്. കാരണം ഇന്നും ഞാന്‍ അവ അനുഭവിക്കുന്നുണ്ട് ചിലപ്പോഴൊക്കെ..

No comments:

Post a Comment