Friday, April 27, 2012

വേദനിപ്പിക്കുന്നത്....

ഒരുമിച്ചിറങ്ങി,
ഇരു വഴിയില്‍ പിരിയുമ്പോള്‍,
വേദനിപ്പിക്കുന്നത്,
അവശേഷിക്കുന്ന മൌനമാണ്..

നവ രാമായണം

കാട്ടിലേക്കുള്ള യാത്രക്ക് മുന്‍പ്,
കരഞ്ഞു കൊണ്ട്
ഭരത മാതാവ് മൊഴിഞ്ഞു
മകനേ,രാമാ
നീ നിന്റെ പാദുകങ്ങളെയും
മറക്കാതെ എടുത്തിട്ട് പോകുക..

Monday, April 23, 2012

ബാല്യം - മരണം - ഭീതി - തിരിച്ചറിവുകള്‍..

ശൈശവം,ബാല്യം ഇവ രണ്ടും തൊട്ടടുത്ത ബന്ധുക്കളില്‍ നിന്നെന്നെല്ലാം അകന്നു മറ്റൊരു നാട്ടിലായിരുന്നു. അത് കൊണ്ടുതന്നെ ബന്ധുകുടുംബങ്ങളിലെ പ്രായമായവരുടെ ശവ സംസ്കാര ചടങ്ങുകളിലോന്നും പങ്കെടുക്കാനും പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മരണം എന്ന പദവുമായി നേരിട്ട് സന്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. അക്കാലത്ത് അമ്മമ്മ പറഞ്ഞു തന്ന കഥകളില്‍ എന്റെ കുടുംബത്തിലെ രക്തസാക്ഷി സഖാവ് പി സി അനന്തന്‍ നായരുടെ ജ്വലിക്കുന്ന മരണത്തിന്റെ/കൊലപാതകത്തിന്റെ വിവരണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും തന്നെ എന്നെ ഭയപ്പെടുത്തിയിരുന്നില്ല,മറിച്ചു ഭഗത് സിംഗ് ന്റെയും മറ്റും കഥകള്‍ കേള്‍ക്കുന്നതുപോലെ ആവേശമാണ് എന്നില്‍ ഉണ്ടാക്കിയത്. വളരെ അപൂര്‍വമായി അമ്മ പറയുമായിരുന്ന അവരുടെ അമ്മായിയുടെ രോഗം വന്നുള്ള മരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞാന്‍ എന്ന കുട്ടിയെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. സങ്കടവും നിരാശയും ഒക്കെ എനിക്ക് ആ സമയത്ത് തോന്നാറുണ്ട്. മരണം എന്ന പദം എന്നില്‍ ഭീതിയാണ് സൃഷ്ട്ടിചിരുന്നത് എങ്കില്‍ പോലും മരണത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചു. മരണത്തെക്കുറിച്ചുള്ള വലിയവരുടെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കൊതിച്ചു, അറിഞ്ഞതും കേട്ടതും എന്നില്‍ കൂടുതല്‍ ഭീതി സൃഷ്ട്ടിച്ചു. ചിലപ്പോഴൊക്കെ ഉറക്കം നഷ്ട്ടപ്പെടുത്തി. ഭീതി സ്വപ്‌നങ്ങള്‍ കണ്ടു. എങ്കിലും ഞാന്‍ മരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വായിക്കാനും കേള്‍ക്കാനും കൊതിച്ചു.കൊയ്യത്തെ ഭഗവതിക്കാവില്‍ പൂരക്കുളി കഴിഞ്ഞു പീടത്തില്‍ കയറി ഉറഞ്ഞു തുള്ളുകയും ആക്രോശിക്കുകയും ചെയ്യുന്ന വെളിച്ചപ്പാടിന്റെ രൂപം മനസ്സില്‍ എവിടെയോ പതിഞ്ഞത് അങ്ങനെയോക്കെയാവണം. പനിച്ചു..നന്നായിപ്പനിച്ചു..പിച്ചും പേയും പറഞ്ഞു. അച്ഛനും അച്ചാച്ചനും എന്നെ ചുമലില്‍ എടുത്തു കിലോമിട്ടരുകള്‍  നടന്നു തളിപ്പറമ്പില്‍ ആശുപത്രിയില്‍ കൊണ്ടുപോയി. അല്പം കൂടി വലുതായപ്പോള്‍, ചില പ്രേത സിനിമകള്‍ മരണം എന്ന സങ്കല്‍പ്പത്തെ എന്നില്‍ കുറച്ചു കൂടി ഭീതിജനകമാക്കി. മരണത്തെ പ്രേതം/ ആത്മാവ് എന്നുള്ള പദങ്ങളുമായി ചേര്‍ത്ത്  ഞാന്‍ എന്ന ശിശു ചിന്തിക്കാന്‍ തുടങ്ങി. ഇത് കൂടുതല്‍ ഭീതിജനകവും വിഷാദാത്മകവുമായ അവസ്ഥകള്‍ എനിക്ക് ശ്രുഷ്ട്ടിച്ചു തന്നു.
 വളരെയേറെ ദുഘവും ഏകാന്തതയും എന്നില്‍ സൃഷ്ട്ടിച്ച സംഭവ പരമ്പരകള്‍ നടന്നത് എനിക്ക് ഏതാണ്ട് 9 - 10  വയസ്സ് ഉള്ളപ്പോലാണ്. അപ്പോഴാണ്‌ അമ്മയ്ക്ക് അപ്പണ്ടിക്സ് സര്‍ജറി ചെയ്യാന്‍ വേണ്ടി കണ്ണൂരില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അച്ഛന്‍ ഇപ്പോഴും അവിടെ അമ്മയുടെ കൂടെയാവും. ഞാനും അനിയനും അച്ഛന്റെ കൊടോളിപ്രതെ വീട്ടിലാണ്. അവിടെ ഇളയമ്മമാരും അച്ചാച്ചനും അമ്മമ്മയും ഒക്കെ ഉണ്ടെങ്കിലും എനിക്ക് വളരെയേറെ ദുസ്സഹമായ ഒരു ഏകാന്തതയും സങ്കടവും അനുഭവപ്പെടാന്‍ തുടങ്ങി. അപ്പോഴാണ്‌ അമ്മയുടെ അമ്മൂമ്മയുടെ മരണം. അച്ചാച്ചന്റെ കൂടെയാണ് മരണം നടന്ന വീട്ടിലേക്കു പോകുന്നത്. ഒരു പക്ഷെ എന്റെ ജീവിതത്തില്‍ തന്നെ ആദ്യമായി ഞാന്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ മരണ വീട്. ഞങ്ങള്‍ എത്തുമ്പോഴേക്കും ചിത കത്തി തുടങ്ങിയിരുന്നു.എപ്പോഴും തൂവെള്ള വസ്ത്രം മാത്രം ധരിക്കുന്ന "തൊണ്ടിയമ്മമ്മ" ആ അഗ്നി നാളങ്ങല്‍ക്കിടയിലൂടെ എന്നെ നോക്കുന്നത് പോലെ എനിക്ക് തോന്നി. ആ ദ്നിമിഷം തൊട്ടു ഞാന്‍ അനുഭവിച്ചിരുന്നത്‌ എകാന്തതയാണോ വിഷമമാണോ എന്ന് എനിക്കറിയില്ല. എന്തുതന്നെ ആയാലും ആ അവസ്ഥ എന്നെ ഒരുപാട് പേടിപ്പെടുത്തി. ആ മരണം കഴിഞ്ഞു അല്പനാള്‍ കഴിഞ്ഞു അമ്മ ഹോസ്പിറ്റലില്‍ നിന്ന് വരുന്നതിനു മുന്‍പേ അച്ഛന്റെ അമ്മാവന്റെ മരണം ഉണ്ടായി. എല്ലാം ചേര്‍ന്ന് എന്നില്‍ സൃഷ്ട്ടിക്കപ്പെട്ട ആഘാതം വളരെവലുതായിരുന്നു. ഏകാന്തത,വിഷാദം,ഭയം ഇവയെല്ലാം ചേര്‍ന്ന് എന്നില്‍ ഒരേ സമയം നൃത്തം വച്ചു. ഉറക്കം നഷ്ട്ടപ്പെടുന്ന രാത്രികളുടെ നീളം ദീര്‍ഘിച്ചു. തൊടിയിലെ നമ്പ്യാര്‍ മാങ്ങകള്‍ തിന്നാന്‍ വരുന്ന വവ്വാലുകള്‍ ശബ്ദമുണ്ടാക്കുമോള്‍ ഞാന്‍ ഞെട്ടി വിറച്ചു. ചീവീടുകളുടെ കരച്ചിലിനിടയില്‍ കൂടി അജ്ഞാതനായ ഒരു ശത്രുവിന്റെ പാദസ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്തു കൊണ്ട് ഉറക്കം വരാതെ കിടന്നു.
പിന്നീടാണ് ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നത് യുക്തി വാദവും ശാസ്ത്രവും വിശ്വാസങ്ങളും കമ്മ്യൂണിസവും ഗാന്ധിസവും എല്ലാം വായിച്ചു. അങ്ങനെ ഞാന്‍ യുക്തിവാടത്തില്‍ വിശ്വസിച്ചു..ഒരു കമ്മുനിസ്റ്റ്‌ ആയി..മനുഷ്യത്വം ആണ് ഏറ്റവും വലിയ ആത്മീയതയെന്നും മരണാനന്തര ജീവിതത്തെ ആത്മീയതയുമായി ബന്ധപ്പെടുത്തി കച്ചവടം ചെയ്യുകയാണ് എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ മനസ്സിലായി..
അല്പം കൂടി വലുതായപ്പോള്‍ അച്ഛന്റെ വയസ്സായ മുത്തശ്ശിയുടെ മരണം എന്റെ കണ്മുന്നിലാണ് നടന്നത്. മുത്ത്‌ മുത്തശ്ശിയുടെ മരണം എന്നെ ഭയപ്പെടുത്തിയില്ല,അപ്പോള്‍ ഉണ്ടായ വികാരം തീഷ്ണമായ സങ്കടമാണെന്നു തിരിച്ചറിഞ്ഞു..പിന്നീട് ടി വി യില്‍ കൂടി കണ്ട സദ്ദാമിന്റെ തൂക്കിലിടലും ഗുരുസ്ഥാനീയനായ എം എന്‍ വിജയന്‍ മാഷിന്റെ തല്‍സമയ സംപ്രേക്ഷനതിനിടയിലുള്ള മരണവും പുതിയ തലങ്ങളിലേക്ക് ഉള്‍ക്കൊള്ളുന്ന അവസ്ഥയിലേക്ക് വളര്‍ന്നു. ഇന്നത്തെ ഞാനായി..
പരമത്തി-വേലൂര്‍ ഗ്രാമത്തിലെ കാവേരി നദിക്കരയിലെ പ്രാചീനമായ ശിവ ക്ഷേത്രത്തിനു സമീപത്തു പതിവ് പോലെ ഒരു വൈകുന്നേരം കാറ്റ് കൊണ്ട് ഇരിക്കുകയായിരുന്നു. ക്ഷേത്രത്തോട് തൊട്ടുള്ള ശ്മശാനത്തിലെ ചിതയില്‍ ഒരു ശവം എരിഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്ടന്നാണ് ചൂട് കൊണ്ട് വളഞ്ഞ ആ ശവം ചിതയില്‍ "എഴുന്നേട്ടിരുന്നത്"! ശവം കത്തിച്ചു കൊണ്ടിരുന്നവന്‍ കയ്യിലെ ഇരുമ്പ് വടികൊണ്ട് പൊടുന്നനെ ശവത്തിനെ "അടിച്ചു കിടത്തി".. മരണത്തിനപ്പുരതുള്ള അര്‍ത്ഥ ശൂന്യത ഓര്‍ത്തു എനിക്ക് ചിരി വന്നു. മരണത്തിനപ്പുറത്തു ഒരു ജീവിതമുണ്ടെന്ന് കൊതിച്ചു ഒരുപാട് മണ്ടത്തരം കാട്ടിക്കൂട്ടുന്നവരെയോര്‍ത്തു ചിരിച്ചുകൊണ്ടാണ് ഞാന്‍ അവിടെനിന്നും മടങ്ങിയത്..
ഇന്ന് എനിക്കറിയാം കുട്ടിക്കാലത്ത് എന്നെ ഭയപ്പെടുത്തിയത് മരണമോ, പ്രേതങ്ങളോ അല്ല എന്ന്..എന്റെ ഏകാന്തതയും വിഷാദമായ അവസ്ഥകളും ആണെന്ന്. കാരണം ഇന്നും ഞാന്‍ അവ അനുഭവിക്കുന്നുണ്ട് ചിലപ്പോഴൊക്കെ..

Sunday, April 22, 2012

കണ്ണുകളില്‍ തെളിയുന്നത്..


ഞാന്‍ അവളുടെ കണ്ണുകളിലും,
അവള്‍ എന്റെ കണ്ണുകളിലും കണ്ടത്,
നിര്‍വചിക്കാനാവാത്ത സ്നേഹം.
പക്ഷെ, നിങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ കണ്ടത്,
നിര്‍വചിക്കപ്പെട്ട കാമം.
ഞങ്ങളുടെ കണ്ണുകളിലെ വികാരങ്ങള്‍ക്ക്,
നിങ്ങള്‍ പേരിട്ടു ശിക്ഷ വിധിക്കുമ്പോള്‍,
നിങ്ങളുടെ കണ്ണുകളില്‍ തെളിയുന്ന-
വികാരമെന്തെന്നു മാത്രമാണ് എനിക്ക് മനസ്സിലാവാത്തത്!

വേനല്‍ മഴ


"പണ്ട്, ഒരു വേനലില്‍ ..
നീയാം സമുദ്രതിലെതുമ്പോള്‍,
എന്റെ മിഴിയിലെ ഇരുണ്ട വരള്‍ച്ചയിലേക്ക് -
നിന്റെ കണ്‍ നീല ജല ജ്വാല പടരുമ്പോള്‍ ....
ചുണ്ടുകൊണ്ടെന്നെ അളന്നും ,
നിശ്വാസ ഗന്ധക പച്ച ഇറുത്തും,
സര്‍പ്പ സന്ചാരമായ് എന്‍ മെയ്യ് പിണഞ്ഞു കിടന്നും ,
എന്‍ കാതിലൊരു മുഗ്ധ ഗദ്ഗധമായ് നീ മന്ത്രിച്ചു ....
ഒരു മഴ പെയ്യ്തെങ്കില്‍ ...."

(അനില്‍ പനച്ചൂരാന്‍ - "ഒരു മഴ പെയ്യ്തെങ്കില്‍")


കത്തിപ്പടരുന്ന വേനല്‍ എന്തൊക്കെയോ ഓര്‍മിപ്പിക്കുന്നുണ്ട്..സുന്ദരമായ ഒരു സ്വപ്നത്തിന്റെ അവസാനതിലെന്ന വണ്ണം വിടചൊല്ലി അകന്നു പോയ കലാലയ സുഹൃത്തുക്കളെ..തീഷ്ണമായ ചുവപ്പില്‍ വിരിഞ്ഞു നില്‍ക്കുന്ന ഒരു വാക മരത്തിന്റെ ചുവട്ടില്‍ നിന്നും അടുത്ത ജന്മത്തില്‍ കാണാം എന്ന് വാക്ക് തന്നു പോയ പ്രിയ തോഴിയെ..അങ്ങനെ ഒരു പാട് ഒരു പാട് ചൂടുള്ള ഓര്‍മ്മകള്‍..

പക്ഷെ എല്ലാവരും ഒരു വെറുപ്പോടെയാണ് വേനലിനെ നോക്കി കാണുന്നത്.വിയര്തോഴുകുന്ന ഓരോ നിമിഷത്തിലും എല്ലാവരും കൊതിക്കുന്നത് ഒരു വേനല്‍ മഴയ്ക്ക്‌ വേണ്ടിയാണ്. ചുട്ടു പൊള്ളിക്കുന്ന യാതാര്ത്യങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള മനുഷ്യ സഹജമായ ഒരു വാസന തന്നെയാവണം ഈ വേനല്‍ മഴയോടുള്ള പ്രനയതിനുപിന്നിലും ഉള്ളത്. വരണ്ടുണങ്ങി പൊടി പാറുന്ന മണ്ണിനെ സ്നേഹത്തിന്റെ ചുണ്ടുകല്‍ക്കൊണ്ട് ചുംബിച്ചു ആര്‍ദ്രമാക്കുന്ന ഒരു മാന്ത്രികത ഓരോ വേനല്‍മഴതുള്ളിക്കും ഉണ്ട്. ഈ ലോകത്ത് ബാക്കി നില്‍ക്കുന്ന ഏറ്റവും പ്രാചീനമായ ഗന്ധം - പുതു മണ്ണിന്റെ ഗന്ധം - സൃഷ്ട്ടിച്ചുകൊണ്ടാണ് ഓരോ വേനല്‍മഴയും പെയ്യ്തിരങ്ങുന്നത്. അത് ജൈവീകമായ ഒരു ഓര്മപ്പെടുതലാണ്. നിന്റെ വേരുകള്‍ എവിടെയാണെന്ന് നിന്നെക്കൊണ്ടുതന്നെ അന്വേഷിപ്പിക്കാനുള്ള പ്രകൃതിയുടെ ആദിമമായ പ്രചോദനമാണ് അത്.

മുകളില്‍ കുറിച്ചത് പോലെ തന്നെ വേനലുകള്‍ "വിടപരചിലുകലാല്‍" ചൂടുള്ളതാണ്. അല്ലെങ്കില്‍ ഉഷ്നമാപിനിയുടെ സൂചികയെ ഉയര്‍ത്തുന്നത് ഇത്തരം വിടപരചിലുകലാണ്. അതുകൊണ്ടുതന്നെ ഏകാകിയായ വേനലിന്റെ കരച്ചിലാണ് ഈ വേനല്‍ മഴകള്‍. കരയാന്‍ പോലും മറന്നു പോയ ഏകാകികളുടെ നാടായി മാറുന്നത് കൊണ്ടാവണം ഇപ്പോള്‍ വേനല്‍ മഴകള്‍ വല്ലാതെ കുറഞ്ഞു പോകുന്നത്..

Saturday, April 21, 2012

എറെസര്‍

പണ്ട്,
തെറ്റിപ്പോയ പെന്‍സില്‍ ചിത്രങ്ങള്‍ മായിക്കാന്‍,
എനിക്ക് ഏറെസര്‍ സമ്മാനിച്ചത്‌ നീയാണ്..
ഇന്ന്,
വീണ്ടും ആ താളുകളിലേക്ക് നോക്കുമ്പോഴാണ്,
പെന്‍സിലിന്റെ അഗ്രം‍ കടലാസില്‍ തീര്‍ത്ത മുറിവുകള്‍,
എറേസറിന് മായിക്കാന്‍ കഴിഞ്ഞില്ലായിരുന്നെന്നു-
അറിയുന്നത്!

വ്രണയം..

"വ്രണയം.."
വ്രണിതമാം പ്രണയത്തെക്കുറിച്ച്,
നീ അങ്ങനെയാണ് എഴുതിയത്..

അപ്പോഴും,
അതിന്റെ അടിയില്‍ വ്രണിതമായ്,
നീറുന്ന നിന്റെ ഹൃദയത്തെക്കുറിച്ച്,
ഞാന്‍ വായിക്കാന്‍ മറന്നു..

കല്ലറകള്‍

കല്ലറകള്‍ നിര്‍മ്മിക്കപ്പെടുന്നത്,
സ്മാരകമായല്ല.
ഉള്ളില്‍ അഴുകുന്നതിന്റെ നാറ്റം,
വെളിയില്‍ വരാതിരിക്കാനാണ്.
ശരീരവും ഒരു കല്ലറയാണ്‌,
അഴുകുന്ന മനസ്സിനെ അടക്കിയത്‌..

ശവമടക്ക്

ശീത ശവപ്പെട്ടിയില്‍,
ബന്ധുക്കലെക്കാത്തുകിടന്നവന്‍,
മനം മടുത്തു
തെക്കോട്ട്‌ നടന്നു പോകുന്നു..

വേദനയുടെ അവസാനം.

വേദനയുടെ അവസാനം എന്താണ്?
ആശ്വാസമെന്നു ചിലര്‍
മരണമെന്ന് മറ്റുചിലര്‍
മരണമാണ് ആശ്വസമെന്നു വേറൊരാള്‍..
ആരെങ്കിലും ഇനി എന്നെയൊന്നു വേദനിപ്പിക്കൂ..
അപ്പോള്‍ ഉത്തരം കിട്ടുമല്ലോ?

ഉറുംബ്

അടുക്കളയിലാണ് ആദ്യം വന്നത്,
പിന്നെ എല്ലാ പാത്രങ്ങളും കീഴടക്കി.
കൃത്യമായി നിരയോപ്പിച്ചാണ് വരുന്നത്,
പതുക്കെ,
ഓരോ മുറികളും കീഴടക്കിക്കൊണ്ട്,
വീട് മുഴുവന്‍ കീഴടക്കിക്കഴിഞ്ഞു,
എന്റെ മൂക്കിലൂടെ കയറിയവര്‍,
ഇപ്പോള്‍,
എന്റെ തലച്ചോറില്‍ ഓടി നടക്കുകയാണ്..

Friday, April 20, 2012

മടുക്കുന്ന യാത്രകള്‍

യാത്രകളെ ഒരു പാട് സ്നേഹിച്ചിരുന്ന ഒരു ചെറിയ കുട്ടിയായിരുന്നു ഞാന്‍ ഏതാനും നാളുകള്‍ക്കു മുന്‍പ് വരെ..പക്ഷെ ഇന്ന് യാത്രകള്‍ എന്നെ വല്ലാതെ മടുപ്പിക്കുന്നു..തളര്‍ത്തുന്നു..ചിലപ്പോഴൊക്കെ വെറുപ്പിക്കുന്നു..ട്രെയിനിന്റെ ജനാലകള്‍ക്കു അരികെ ഉറക്കം തൂങ്ങാത്ത കണ്ണുകളുമായി ഞാന്‍ പുറത്തെ ഓടിമറയുന്ന കാഴ്ചകളിലേക്ക് നോക്കിയിരുന്നിട്ടുണ്ട്..പണ്ട് നിലെശ്വരത്ത് നിന്നും അച്ഛനോടൊപ്പം വെള്ളൂര്‍ സ്കൂളിലേക്ക് ഒരു വര്‍ഷത്തോളം പോയും വന്നും ഇരുന്നു..അന്ന് വഴിയരികില്‍ പുതുതായി ഒരു പരസ്യ ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടാല്‍ പോലും  ആ വ്യത്യാസം ഞാന്‍ തിരിച്ചറിയുമായിരുന്നു..അടച്ചു മൂടപ്പെട്ട ബസ്സിനകത്തുള്ള മഴക്കാല യാത്രകളില്‍ ഞാന്‍ മഴകളെ വെറുത്തിരുന്നു..കാരണം മഴയാണല്ലോ,എന്റെ ദൃശ്യങ്ങളെ മറക്കാന്‍ പാകത്തില്‍ ബസ്സിന്റെ സൈഡ് കര്ടനുകളെ ഇറക്കി വെപ്പിക്കുന്നത്..
പിന്നീട് വലുതായപ്പോള്‍ യാത്രകള്‍ ഒറ്റയ്ക്കായി..ഒറ്റയ്ക്കുള്ള യാത്രകളെ ഒരുപാട് സ്നേഹിച്ചു..തീവണ്ടിയെ പ്രണയിച്ചു..വഴിയോര കാഴ്ച്ചകള്‍ക്കൊപ്പം തീവണ്ടിക്കകത്തെ ദൃശ്യങ്ങളും എന്നെ വിസ്മയിപ്പിച്ചു..മാധ്യമ പ്രവര്‍ത്തകനും എന്റെ സഹോദരതുല്യനായ സുഹൃത്തുമായ സാജുഎട്ടന്‍ ഒരിക്കല്‍ പറഞ്ഞു,"തീവണ്ടികളിലെ ജനറല്‍ കമ്പാര്‍ത്ടുമെന്റിലെ തിരക്കില്‍ നിങ്ങളുടെ നെഞ്ച് നിങ്ങളുടെ സഹയാത്രികന്റെ നെഞ്ഞിനോട് അമരും,അപ്പോള്‍ ഹൃദയത്തിനു ഹൃദയം സ്പന്ദിക്കുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയും.."
നാമക്കലിലെ കോളെജിലേക്കുള്ള ഓരോ തീവണ്ടി യാത്രകളും ഓരോ അനുഭവങ്ങളായിരുന്നു..പിന്നീട് ഞാന്‍ എന്റെ ജീവിതത്തെക്കാള്‍ കൂടുതല്‍ യാത്രകളെയും അതില്‍ കണ്ടുമുട്ടുന്ന വ്യക്തികളെയും സ്നേഹിക്കാന്‍ തുടങ്ങി..യാത്രകളുടെ ദൈര്‍ഘ്യം കൂടാന്‍ തുടങ്ങി..പിന്നെ ലഷ്യസ്ഥാനം ഇല്ലാത്ത യാത്രകള്‍ ആസ്വദിച്ചു തുടങ്ങി..
പക്ഷെ,ഇപ്പോള്‍ കുറച്ചു നാളായി ,ഏതാനും ആഴ്ചകളായി യാത്രകളില്‍ വല്ലാത്ത മടുപ്പ് തോന്നുന്നു..എവിടെയെങ്കിലും ഒന്ന് വേഗം എത്തിച്ചേര്‍ന്നാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു..
മടുക്കുന്നത് യാത്രകളെയാണോ അതോ "ഒറ്റ"യ്ക്കുള്ള യാത്രകളെയാണോ എന്ന് എനിക്ക് ഇനിയും തീര്‍ച്ചയായിട്ടില്ല!!??

Tuesday, April 17, 2012

നീലേശ്വരം.....

ഒരിക്കല്‍ അച്ഛന്റെയും അമ്മയുടെയും കൈകളില്‍ തൂങ്ങി നടത്തിയ ഒരു തീവണ്ടിയാത്ര അവസാനിച്ചത്‌ ഇവിടെയായിരുന്നു.... ഞാന്‍ എന്ന ശിശു, "ഞാന്‍" എന്ന മനുഷ്യനായി മാറുന്നത് ഈ നാട്ടില്‍ വച്ചാണ്..കാലുകള്‍ ഉറപ്പിച്ചു വെക്കാനും അക്ഷരങ്ങള്‍ അമര്തിയെഴുതാനും ഞാന്‍ പഠിച്ചത് ഈ മണ്ണില്‍ വച്ചാണ്..വിപ്ലവവും സാഹിത്യവും എന്റെ സിരകളിലേക്ക് പടര്‍ന്നത് ഇവിടെവച്ചാണ്.. എന്റെയുള്ളില്‍ ഇന്നും ജീവനോടെ ബാക്കി നില്‍ക്കുന്ന നാടന്‍ മനുഷ്യന്‍, അതുകൊണ്ട് തന്നെ ഒരു കാസര്ഗോടുകാരനാണ്.. അതുകൊണ്ടാണ് ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധികളുടെ നേര്‍ക്ക്‌ നോക്കിയും "എന്തിയാന്‍ ചാവ്...." എന്ന് പറഞ്ഞു കൊണ്ട് അവയെ തരണം ചെയ്യാന്‍ കഴിയുന്നത്‌..

കോലായ

കോലായ- മലയാളിയുടെ സുന്ദരമായ "നൊസ്റ്റാള്‍ജിയയുടെ" അതിസുന്ദരമായ ഒരു ഭാഗമാണ്. കിഴക്കോട്ടു നോക്കി സ്ഥിതിചെയ്യുന്ന വീട്ടിന്റെ മുന്നാംബുരത്തെ വല്ല്യ സിറ്റ് ഔട്ട്‌ അതാണ്‌ കോലായ. തീപ്പെട്ടികളുടെ വലുപ്പമുള്ള ഫ്ലാറ്റുകളുടെ ഇത്തിരിപ്പോന്ന സിറ്റ് ഔടുകളില്‍ നഗര മാലിന്യങ്ങളുടെ വൃതികെടുകളുടെ കാഴ്ചയും ദുര്‍ഗന്ധവും അനുഭവിക്കാന്‍ വിധിക്കപ്പെട്ട പുതിയ തലമുറയ്ക്ക് ഇതിനെക്കുറിച്ചൊക്കെ പറഞ്ഞാല്‍ എങ്ങനെ മനസ്സിലാകാന്‍?
കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഒരു കൂട്ടായ്മ ഈ കോലായില്‍ രൂപപ്പെട്ടിരുന്നു. അയല്പക്കകാരും കോലായില്‍ വന്നിരിക്കാറുണ്ട്. ഗൃഹനാഥന്‍ ഒരു ചാര് കസേരയിലും മറ്റുള്ളവര്‍ ബെഞ്ഞുകളിലും പലകകളിലും തറയിലും ഒക്കെയായി ഇരിക്കും.പിന്നെ തുറന്ന ചര്‍ച്ചയാണ്.നാട്ടുകാര്യങ്ങളും കുടുംബ ബട്ജെടും എല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടും.കുട്ടികള്‍ക്ക് ഇത് കേള്‍ക്കാന്‍ കഴിയുന്നതിലൂടെ കോലായ അവരെ സ്വയം പരയാപ്തരുമാക്കുന്നു. ഹിന്ദു ഭവനങ്ങളില്‍ വൈകുന്നേരങ്ങളില്‍ വിളക്കു വെക്കുന്നതും മുസ്ലിം ഭവനങ്ങളില്‍ പുരുഷന്മാര്‍ നിസ്ക്കരിക്കുന്നതും കൊലായയിലാണ്. വായനസാലയുടെയും കടകളുടെയും കൊലായയിലാണ് സാംസ്കാരിക/രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നത്. 
ഈ കൊലായകള്‍ പരസ്പര സഹാവര്തിത്വത്തിന്റെ സോഷ്യലിസ്റ്റ്‌ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. ഐക്യത്തിന്റെയും സഹനത്തിന്റെയും ആവശ്യകതകള്‍ ബോധ്യപ്പെടുത്തി. പലതും പറയാനുള്ള പ്ലാറ്റ് ഫോം ആയി അവ പ്രവര്‍ത്തിച്ചു.
ഇത്തരം കൊലായകളുടെ അപ്രത്യക്ഷ്യമാകള്‍ നമ്മുടെ സമൂഹത്തില്‍ ചിലറ പ്രത്യ്യാഖാതങ്ങളല്ല വരുത്തി തീര്തിട്ടുള്ളത്. വീടുകള്‍ക്ക് കൊലയകള്‍ നഷ്ട്ടമായി.ഇനി അവ മനസ്സുകള്‍ക്കും നഷ്ട്ടമാകാതെയിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

സുരക്ഷ

എന്റെ സുരക്ഷക്കായി,
ഞാന്‍ എന്റെ ചെരിപ്പുകളെ ബന്ധിച്ചു.
കാലുറകളെ പരസ്പരം കൂട്ടി തുന്നി.
കൈകള്‍ക്ക് ഉരുക്കില്‍ തീര്‍ത്ത വിലങ്ങിട്ടു.
വായില്‍ പഴം തുണി തിരുകിക്കയറ്റി.
എന്നിട്ട്,
എനിക്ക് ഞാന്‍ തന്നെ ഉറങ്ങാതെ കാവലിരിക്കുന്നു.
ഇനി എന്നെ ആക്രമിക്കാനായി,
ഒരു തീവ്രവാദിക്കും കഴിയില്ല!!

ഭ്രാന്തം.


ആരോ പറഞ്ഞൂ
മുറിച്ചു മാറ്റാം കേടു
 ബാധിചോരവയവം;
പക്ഷെ,കൊടും കേടു
ബാധിച്ച പാവം മനസ്സോ?
(സുഗതകുമാരി - "രാത്രി മഴ")

ശരീരത്തിന്റെ അനേകായിരം കോശങ്ങളില്‍ ഒന്നിന് കേടു ബാധിക്കുംബോഴാണ് നാം അസുഖം വന്നു എന്ന് പറയുക. ശരീരത്തിനേക്കാള്‍ അതിസന്കീര്‍ന്നമാണ് മനസ്സ്.ചിന്തകളുടെയും ഓര്‍മകളുടെയും മടക്കുകളിലെ ഏതോ ഒരു അജ്ഞാത ബിന്ദുവിനു താളപ്പിഴ സംഭവിക്കുമ്പോഴാണ് നാം ഭ്രാന്ത് വന്നു എന്ന് പറയുക.
ഭ്രാന്ത് ഈ ലോകത്തിലേക്ക്‌ വച്ച് ഏറ്റവും സുഘകരമായ ലഹരിയാണ്.അത് മറ്റേതൊരു അസുഘത്തെക്കാലും ആസ്വാദ്യമാണ്.അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.ഏതെങ്കിലും ഒരു രീതിയില്‍ ഒരല്‍പ്പമെങ്കിലും താളപ്പിഴകളില്ലാതതായി ആരും ഇല്ല.ഒന്ന് ആലോചിച്ചു നോക്ക്,നിങ്ങള്‍ക്കും ഇല്ലേ ഒരു കുഞ്ഞു ഭ്രാന്തെങ്കിലും.ഭ്രാന്തു സമൂഹത്തിന്റെ,ജീവിതത്തിന്റെ സര്‍വസാധാരണമായ ഒരു ഭാഗമാണെന്നു കാണിക്കാനാവനം പറയി പെറ്റ പന്തിരുകുലത്തില്‍ നമ്പൂതിരിയേയും ആശാരിയേയും പറയനെയും പോലെ സാധാരണമായി ഒരു ഭ്രാന്തനെയും പെട്ടിട്ടത്.
നാരാനത്ത് ഭ്രാന്തന്‍ സമൂഹത്തിന്റെ ചിന്താ ശൈലങ്ങളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയറ്റി കൈവിട്ടു രസിച്ചു.‍ പിന്നെ "ഭ്രാന്തന്‍ വേലായുധനും" "നാരാനത്ത് ഭ്രാന്തനും" ഒക്കെ മലയാള സാഹിത്യത്തെ പിടിച്ചു കുലുക്കി.
 ചെറുപ്പത്തില്‍,അക്ഷരങ്ങള്‍ കൂട്ടി വായിക്കുന്നതിനു മുന്‍പേ "നരാനത് ഭ്രാന്തന്‍" കേട്ടിട്ടുണ്ട്.രൂപമില്ലാത്ത ഒരു മനുഷ്യന്‍ മനസ്സിന്റെ കോണുകളില്‍ കല്ലുകള്‍ ഉരുട്ടിയിട്ടുണ്ട്.ആ നാരാനത്ത് ഭ്രാന്തനെ ഞാന്‍ നേരിട്ട് കാണുന്നത്,കാസര്ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ ബങ്കളതു എത്തിയപ്പോഴാണ്. ബങ്കളം ഞാന്‍ എന്നാ ശിശുവിനെ ഞാന്‍ എന്നാ വ്യക്തിയാക്കിമാറ്റിയ മണ്ണാണ്. എന്റെ കുട്ടിക്കാലത്ത് ആ ഗ്രാമത്തില്‍ വച്ചാണ് ഞാന്‍ "നാരാനത്ത് ഭ്രാന്തനെ" നേരിട്ട് കാണുന്നത്- നാരായണന്‍ എന്ന ഭ്രാന്തന്‍.
 ശാന്തവും ആര്ദ്രവുമായ കണ്ണുകള്‍-മുഷിഞ്ഞു കിടക്കുന്ന വസ്ത്രങ്ങള്‍-പാതി നരച്ച ക്രോപ് ചെയ്യ്ത താടിയും മുടിയും.
 ഞാന്‍ അപ്പോള്‍ ചിന്തിച്ചിരുന്നത് "പിരാന്തന്‍ നാരാണന്‍" എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഈ വ്യക്തിയാണ്,കവിതയില്‍ ഞാന്‍ കേട്ടിട്ടുള്ള,അമ്മ പറഞ്ഞു തന്ന,ഞാന്‍ വായിച്ചിട്ടുള്ള കഥയിലെ "നാരാനത് ഭ്രാന്തന്‍" എന്നാണു.
നീലേശ്വരത്തെ മഞ്ഞമ്പതി കുന്നിലേക്ക് പിരാന്തന്‍ നാരാണന്‍ കല്ലുകള്‍ ഉരുട്ടിക്കയട്ടുന്നതും പിന്നെ താഴോട്ടു തള്ളി വിട്ടു ചിരിക്കുന്നതും എന്റെ കുട്ടിക്കാല സ്വപ്നങ്ങളില്‍ നിറഞ്ഞിട്ടുമുണ്ട്.ഞാന്‍ കാണുമ്പോഴൊക്കെ ഒരു സര്‍വ സാധാരണ മനുഷ്യനെപ്പോലെ പെരുമാറുന്ന,ഞങ്ങളുടെ വാടക വീട്ടില്‍ വന്നു അച്ഛനോട് ഒരുപാട് നേരം സംസാരിക്കുന്ന,ചിലപ്പോഴൊക്കെ അച്ഛന്റെ പഴയ കുപ്പായങ്ങള്‍ വാങ്ങിക്കൊണ്ടു പോകുമായിരുന്ന ആ മനുഷ്യന്റെ ഭ്രാന്ത് എന്തായിരുന്നു? നാട്ടുകാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്,ചിലപ്പോഴൊക്കെ ഭ്രാന്ത് മൂക്കുമെന്നും അപ്പോള്‍ അക്രമാസക്തനായി വസ്ത്രങ്ങള്‍ പറിച്ചെറിഞ്ഞു ഓടി നടക്കുമെന്നും മറ്റും.
ഒടുവില്‍ ഒരു വേനലവധി കഴിഞ്ഞു തിരിച്ചു ബങ്കളതു വന്നപ്പോള്‍ നീലേശ്വരതു നിന്നും ബങ്കളതെക്ക് പോകാനായി കയറിയ ഓട്ടോ റിക്ഷായുടെ ഡ്രൈവര്‍ അച്ഛനോട് പറയുന്നത് കേട്ടു-"മാഷേ..നമ്മുടെ പിരാന്തന്‍ നാരാണന്‍ ചത്ത്‌ പോയി.." അച്ഛന്‍ എങ്ങനെ എപ്പോള്‍ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു,ഡ്രൈവര്‍ മറുപടിയും പറയുന്നുണ്ടായിരുന്നു..പക്ഷെ,ഞാന്‍ അതൊന്നും കേട്ടില്ല. എന്റെ കുഞ്ഞു മനസ്സില്‍ അപ്പോഴും എന്റെ പിരാന്തന്‍ നാരാണന്‍ മഞ്ഞമ്പോതി കുന്നിലേക്ക് വലിയ പാറകള്‍ ഉരുട്ടിക്കയട്ടുകയായിരുന്നു..ഭ്രാന്തനും കവിയുമായ പി.കുഞ്ഞിരാമന്‍ നായരെ എപ്പോഴും കാത്തിരുന്ന മഞ്ഞമ്പോതിക്കുന്നിലേക്ക് പ്രാന്തന്‍ നാരാണന്‍ പോയിട്ടുണ്ടോ എന്ന് പോലും എനിക്കറിയില്ല. പക്ഷെ എന്റെ മനസ്സില്‍ ഇന്നും പ്രാന്തന്‍ നാരാണന്‍ അവിടെയുണ്ട്,മഞ്ഞമ്പോതിയുടെ മുകളിലേക്ക് കല്ലുകള്‍ ഉരുട്ടിക്കയട്ടിയും താഴേക്കു തള്ളിവിട്ടും..
പിന്നെ മനസ്സില്‍ വരുന്നത് ബങ്കളത്തിന്റെ ചൂടുള്ള റോഡുകളില്‍ കൂടി അലഞ്ഞു തിരിഞ്ഞു നടക്കുന്ന "പിരാന്തതി കുഞ്ഞാണി"യെയാണ്..ഒരു സാധാരണ സ്ത്രീ.പക്ഷെ,ചിലപ്പോഴൊക്കെ ഭ്രാന്തു മൂത്താല് അര്‍ദ്ധ നഗ്നയായി,അക്രമാസക്തയായി ഓടി വരുന്ന സ്ത്രീ..കക്കാട്ട് സ്കൂളിലെ കുട്ടികള്‍ക്കൊക്കെ ഭയങ്കര പേടിയായിരുന്നു അവരെ.ഭ്രാന്തന്‍ നായ ഇറങ്ങി എന്ന് പറയുന്നത് പോലെയായിരുന്നു അവര്‍ വരുന്നു എന്ന് കേട്ടാല്‍.അക്രമാ സക്തയായി കണ്ടത് കൊണ്ടാവണം എനിക്കും അവരെ പേടിയായിരുന്നു.പക്ഷെ ഞാന്‍ ഇത് വരെ അവര്‍ ഒരു കുട്ടിയെ ആക്രമിച്ചതായി കേട്ടിട്ടില്ല. ഒരിക്കല്‍ ഹൈ സ്കൂളില്‍ പഠിക്കുന്ന വലിയ കുട്ടികള്‍ അവരെ കല്ലെടുത്തെറിഞ്ഞു. മുറിവുകളില്‍ നിന്നും ചോര വാര്‍ന്നൊഴുകി.അപ്പോള്‍ സി.എം രവീന്ദ്രന്‍ മാഷ്‌ കുട്ടികളെ വഴക്ക് പറഞ്ഞു..ഒന്ന് രണ്ടു പേര്‍ക്ക് തല്ലു കൊടുത്തു..ആ ഭ്രാന്തിയുടെ തലയിലെ മുറിവുകളില്‍ മരുന്ന് വച്ച് കെട്ടി..ബങ്കളം എന്നെ പഠിപ്പിച്ച സ്നേഹത്തിന്റെ പാഠങ്ങള്‍..അങ്ങനെ ബങ്കളത്തെ ഭ്രാന്തന്മാര്‍ എന്നെ ചിന്തിപ്പിക്കുന്നു..ഓര്‍മകളില്‍ വീണ്ടും എന്നെ ഒരു കുട്ടിയാക്കുന്നു.. കരയിക്കുന്നു..
എനിക്കുറപ്പാണ് ബങ്കളത്തിന്റെ ചൂടുള്ള റോഡുകളില് ചങ്ങലകളില്ലാത്ത കാലുകളുമായി‍ ഇപ്പോഴും ഒരു ഭ്രാന്തനെങ്കിലും അലഞ്ഞു തിരിഞ്ഞു നടപ്പുണ്ടാകും "നിങ്ങള്‍ക്കും ഭ്രാന്തു ഉണ്ടെന്നു" മാലോകരെ ഓര്‍മിപ്പിച്ചു കൊണ്ട്....!!

സ്ത്രീയേ ആരാണ് നീ?

സ്ത്രീയേ ആരാണ് നീ?
ഇതാണ് ഇന്നത്തെ സംശയം.ഇന്നതെതല്ല,എന്നത്തേയും..

എന്റെ വിശന്ന കുഞ്ഞു ചുണ്ടുകളിലേക്ക്‌,
നിന്റെ മുലപ്പാല്‍ ഒഴുക്കുമ്പോള്‍,
നീ എന്നെ വിളിച്ചു, "കുഞ്ഞേ.." എന്ന്!

പിന്നീട്,മണ്ണപ്പം ചുടുവാന്‍,
കൊച്ചു പാവാടയിട്ടു പിന്നാലെ വന്നപ്പോള്‍,
നീ വിളിച്ചു,"ചേട്ടാ.." എന്ന്!

 രാത്രികളിലെ യാത്രകളില്‍,
ഞാന്‍ നിന്റെ കാവല്ക്കാരനായപ്പോള്‍,
എന്റെ കരങ്ങള്‍ മുറുകെപ്പിടിച്ചു ,
നീ വിളിച്ചു "സുഹൃത്തേ.." എന്ന്..

 തിളയ്ക്കുന്ന പോരാട്ടഭുമിയില്‍,
ജല പീരങ്കികള്‍ ചോരയെ കഴുകിക്കളയുമ്പോള്‍,
മുഷ്ട്ടിച്ചുരുട്ടി നീ എന്നെ വിളിച്ചു,"സഘാവേ.." എന്ന്!

ഉരുകിയൊലിക്കുന്ന കാമം,
വിയര്‍പ്പു ചാലുകള്‍ തീര്‍ത്തപ്പോള്‍,
എന്റെ കാതിനുള്ളില്‍ കടന്നു-
നീ വിളിച്ചു "പ്രാണനെ.." എന്ന്!!

എങ്കിലും,തീരാതെ ഒരു സംശയം ബാക്കി നില്‍പ്പുണ്ട്.
സ്ത്രീയേ, ആരാണ് നീ?

ബന്നാരിയില്‍ ഇത്തിരി നേരം..

ഇത്തവണ വിഷുവിനു വീട്ടിലേക്കുള്ള യാത്ര തീവണ്ടിയില്‍ വേണ്ട എന്ന്‍ ആദ്യമേ തോന്നിയിരുന്നു.അങ്ങനെയാണ് മധുര-മടിക്കേരി കര്‍ണാടക സ്റ്റേറ്റ് ബസില്‍ ഇറോടില്‍ നിന്നും ഗോനിക്കുപ്പയിലേക്കും അവിടന്ന് വീരാജ് പേട്ട വഴി നാട്ടിലേക്കും പോകാന്‍ പ്ലാന്‍ ചെയ്യ്തത്. ഇറോടില്‍ നിന്നും ബസ്‌ കയറി. സൈഡ് സീറ്റ്‌ തന്നെ കിട്ടി. സുഗകരമായിതന്നെ യാത്ര തുടങ്ങി.ഗോപിയും താണ്ടി ബസ്‌ ബന്നാരിയിലേക്ക് കുതിച്ചു.ബന്നാരിയില്‍ എത്തിയപ്പോള്‍ കിടിലന്‍ ട്രാഫിക്‌ ബ്ലോക്ക്‌. ആദ്യം കരുതിയത്‌ ബന്നാരിയമ്മന്‍ കോവിലില്‍ ഉത്സവമായതുകൊണ്ട് ആവും എന്നാണു.പിന്നീടു ആണ് അറിഞ്ഞത്,മേലെ ചുരത്തില്‍ ആറാം വളവില്‍ ഒരു ലോറി വീണു കിടക്കുന്നു എന്ന്. ഇനിയും അത് നീക്കാനുള്ള ശ്രമമൊന്നും ആരഭിച്ചിട്ടില്ല എന്നും പറയുന്നത് കേട്ടു. ബന്നാരിയമ്മന്‍ കോവിലില്‍ മേളം തകര്‍ക്കുകയാണ്.ചിലരൊക്കെ അങ്ങോട്ട്‌ പോയി.കോവിലില്‍ നിന്നും തദ്ദേശീയര്‍ മാട്ടു വണ്ടിയില്‍ വീടുകളിലേക്ക് തിരിച്ചു പോകാന്‍ തുടങ്ങിയിരിക്കുന്നു.ഒരു വൃദ്ധ മേലേക്ക് കൈ കൂപ്പി തമിഴില്‍  പറഞ്ഞു,"ഇന്ന് രാത്രി ഇവിടെ എതിചെരണമെന്നു ബന്നാരിയമ്മന്‍ കരുതിക്കാണും "
പക്ഷെ,എല്ലാവര്ക്കും ഭയങ്കര നിരാശയും മടുപ്പും ഒക്കെ തോന്നുകയായിരുന്നു.പലരും പല പല ആവശ്യങ്ങള്‍ക്കായി ധൃതിയില്‍ യാത്ര ചെയ്യുന്നവര്‍. നിരാശാജനകമായ ഒരു മൌനം അവിടെ തളം കെട്ടി നിന്നു.മുകളില്‍ നിന്നും വണ്ടികള്‍ താഴുക്ക് വരുന്നുണ്ട്.പക്ഷെ താഴെ നിന്നും മുകളിലേക്ക് കയറാന്‍ കഴിയില്ലെന്നാണ് ആര്‍.ടി.ഓ ചെക്ക്‌ പോസ്റ്റില്‍ നിന്നും പറയുന്നത്. മുകളിലേക്ക് ഇരുപത്തേഴു ഹെയര്‍ പിന്‍ വളവുകള്‍ ഉണ്ട്.പലതും വളരെ അപകടകരമായതാണ്.അല്‍പനേരം കഴിഞ്ഞ ഉടനെ തന്നെ നമുക്കിടയിലെ മഞ്ഞുരുകാന്‍ തുടങ്ങി.കര്ന്നാടകതിലെക്കുള്ള വിവിധ ബസ്‌ കളിലെ യാത്രക്കാര്‍,ലോറി ഡ്രൈവര്‍മാര്‍....പലരും പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി.പല ഭാഷകളില്‍,പല ശബ്ദങ്ങളില്‍....
ഉത്സവം കാണാന്‍ വന്ന നാട്ടുകാരും ഞങ്ങളോടൊപ്പം കൂടി.അവിടത്തെ "ആല്‍വിന്‍ പാല്‍ ബൂത്ത്‌"ഇല്‍ തിരക്ക് കൂടി..ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു..എല്ലാവരും നിമിഷനേരം കൊണ്ട് ബെല്ലാരിക്കാര്‍ ആയതു പോലെ! നേരം രാത്രി രണ്ടു മണി കഴിഞ്ഞു. അല്പം മുന്‍പ് വല്ലാത്ത അസഹിഷ്ണുത പ്രകടിപ്പിച്ചവരും ഇപ്പോള്‍ ശാന്തരാണ്,അവര്‍ക്കൊന്നും ആ മണ്ണ് വിട്ടു പോകേണ്ട എന്ന് തോന്നി.അല്ലെങ്കിലും മനുഷ്യര്‍ ഇങ്ങനെയാണ് ,ഏതെങ്കിലും ഒരിടത്ത്,അത് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതായാലും ശരി, ആ അന്തരീക്ഷത്തെ പതിയെ സ്നേഹിച്ചു തുടങ്ങും.ഞാനും ബന്നാരിയെ സ്നേഹിക്കുന്നു. ഒരു പാട് മനുഷ്യരെ പരിചയപ്പെടുത്തിയതിനു,അവരുടെ അനുഭവങ്ങള്‍ കേള്‍ക്കാന്‍ അവസരം നല്‍കിയതിനു..എന്നോട് സംസാരിച്ച മനുഷ്യരോടോന്നും ഞാന്‍ പേര് ചോദിച്ചില്ല.കാരണം അവര്‍ ബന്നാരി സംമാനിച്ചവരാണ്,അവര്‍ പറഞ്ഞ കഥകള്‍ എന്നും ബനാരിയില്‍ ഉണ്ടാകും-ഞാന്‍ എപ്പോള്‍ അവിടെ ചെന്നാലും..ആറു മണിക്കൂറിനു ശേഷം ബന്നാരി വിട്ടു ചുരം കയറുമ്പോള്‍ ഒരു വിഷമം തോന്നി..ബന്നാരിക്കാരല്ലാത്ത ബന്നാരിക്കാരെ വിട്ടു പിരിയുന്നതില്‍..